covid-

ന്യൂഡൽഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 13,586 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ത്യയിലെ ഒറ്റ ദിവസത്തെ ഏറ്റവും ഉയർന്ന കൊവിഡ് ബാധ നിരക്കാണിത്. 336 മരണവും രാജ്യത്ത് ഒറ്റ ദിവസം രേഖപ്പെടുത്തി. ഇതോടെ ഇന്ത്യയിലാകെ റിപ്പോർട്ട് ചെയ്യപ്പെട്ട കൊവിഡ് കേസുകളുടെ എണ്ണം 3,80,532ഉം ആകെ മരണം 12,573ഉം ആയി. 1,63,248പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 2,04,711 പേർ രോഗമുക്തരായി.

രാജ്യത്ത് ഏറ്റവുമധികം കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട മഹാരാഷ്ട്രയിൽ 1,20,504 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 3752 പേർക്കാണ് 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ചത്. 100 പേർ മഹാരാഷ്ട്രയിൽ മാത്രം മരിച്ചു. സംസ്ഥാനത്തെ ആകെ മരണസംഖ്യ 5751 ആയി.

ഡൽഹിയിൽ 49,979 പേർക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. 2877 പേർക്ക് 24 മണിക്കൂറിനിടെ പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. മരണം 665 ആയി. ഇതോടെ ആകെ മരണം 1,969 ആയി ഉയർന്നു. തമിഴ്‌നാട്ടിൽ രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 52,334 ആയി. വെള്ളിയാഴ്ച രോഗം സ്ഥിരീകരിച്ചത് 2141 പേർക്കാണ്. പുതുതായി 49 പേർ കൂടി മരിച്ചതോടെ സംസ്ഥാനത്ത് ആകെ മരണം 625 ആയി.

രാജ്യത്ത് കൊവിഡ് മുക്തരായവരുടെ എണ്ണം അമ്പത് ശതമാനത്തിന് മുകളിലെത്തിയത് ആശ്വാസം നൽകുന്ന കാര്യമാണ്. എന്നാൽ രോഗം സ്ഥിരീകരിക്കപ്പെടുന്നവരുടെ എണ്ണം കുത്തനെ ഉയരുന്നത് ആശങ്കാജനകമാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. വൈറസ് അതിവേഗം പടരുന്നതായുള്ള സൂചനയാണ് ഇത്. ഒരു മാസം മുമ്പ് നൂറ് സാമ്പിളുകൾ പരിശോധിക്കുമ്പോൾ ഏഴ് പേർക്ക് എന്ന നിരക്കിലായിരുന്നു രോഗബാധ സ്ഥിരീകരിച്ചിരുന്നതെങ്കിൽ ഇപ്പോൾ നൂറ് സാമ്പിളുകൾ പരിശോധിക്കുമ്പോൾ 30 പോസിറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്.