കോഴിക്കോട്: പുഴയിൽ മീൻ പിടിക്കാനിറങ്ങിയതിനിടെ കാണാതായ രണ്ട് കുട്ടികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി.കോഴിക്കോട് അറപ്പുഴയിലായിരുന്നു സംഭവം. ഒളവണ്ണ പൊക്കുന്ന് ചങ്ങരോത്ത് മീത്തൽ ശബരിനാഥിന്റെ (14) മൃതദേഹമാണ് ഇന്ന് രാവിലെ കണ്ടെത്തിയത്. അതേസമയം അറപ്പുഴ പുനത്തിൽ ഷാജിയുടെ മകൻ ഹരിനന്ദിനായുള്ള തിരച്ചിൽ ഇപ്പോഴും തുടരുകയാണ്. പൊലീസും അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേർന്നാണ് തിരച്ചിൽ നടത്തുന്നത്.
ഇന്നലെ വൈകുന്നേരം കുടുംബശ്രീയുടെ പണം അടയ്ക്കാനായി ശബരിനാഥും ഹരിനന്ദനും വീട്ടുകാർ പറഞ്ഞയച്ചത് പ്രകാരം വീട്ടിൽ നിന്നിറങ്ങുകയായിരുന്നു. എന്നാൽ വീട്ടിൽ നിന്നിറങ്ങിയ കുട്ടികൾ നേരെ പോയത് മീൻ പിടിക്കാനായിരുന്നു.കുട്ടികൾ പുഴയിൽ മീൻ പിടിച്ചിരുന്നത് കണ്ടവരുണ്ടായിരുന്നു. ഏറെ വൈകിയിട്ടും കുട്ടികൾ വീട്ടിൽ തിരിച്ചുവരാതിരുന്നതോടെയാണ് ബന്ധുക്കൾ തിരച്ചിൽ ആരംഭിച്ചത്.