ശ്രീനഗർ: കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം സംസ്‌കരിക്കുന്നതിനിടെ രണ്ട് പേർ കുഴഞ്ഞു വീണ് മരിച്ചു. ജമ്മു കാശ്മീരിലാണ് സംഭവം. മരണത്തിൽ ദുരൂഹതയുളളതായി സംശയിക്കുന്ന സാഹചര്യത്തിൽ വിശദമായ അന്വേഷണത്തിന് ജില്ലാ ഭരണകൂടം ഉത്തരവിട്ടു.
സംഭവത്തെപ്പറ്റി വിശദമായ അന്വേഷണം നടത്തി 22ാം തീയതിക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റിന് നിർദേശം നൽകി. സംസ്‌കാര ചടങ്ങുകൾക്കിടെ പെട്ടെന്ന് ഇരുവരും ബോധ രഹിതരായി വീഴുകയാണുണ്ടായത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
മൃതദേഹങ്ങൾ പാേസ്റ്റ്മോർട്ടം നടത്താൻ അധികൃതർ ഉത്തരവിട്ടിട്ടുണ്ട്. ഇരുവരുടെയും സ്രവങ്ങൾ കൊവിഡ് പരിശോധനയ്ക്ക് അയക്കും. സംഭവ സമയത്ത് സ്ഥലത്തുണ്ടായിരുന്ന മുഴുവൻ പേരുടെയും മൊഴി രേഖപ്പെടുത്താനും ജില്ലാ ഭരണകൂടം നിർദേശം നൽകി.