കോട്ടയം : താഴത്തങ്ങാടി പാറപ്പാടത്ത് ദമ്പതിമാരെ ആക്രമിച്ച് ഭാര്യയെ കൊലപ്പെടുത്തിയ സംഭവത്തിൽ പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കഴിയുന്ന സാലിയുടെ (65) നില അതീവ ഗുരുതരം. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിറുത്തുന്നത്. കഴിഞ്ഞ ഒന്നാം തീയതി രാവിലെ വീടിന് സമീപം വാടകവീട്ടിൽ താമസിച്ചിരുന്ന മുഹമ്മദ് ബിലാൽ (23) ആണ് ആക്രമം നടത്തിയത്. സാലിയുടെ ഭാര്യ പാരപ്പാടം ഷാനി മൻസിലിൽ ഷീബ (60) തലയ്ക്കടിയേറ്റ് മരിച്ചിരുന്നു.
അറസ്റ്റിലായ ബിലാൽ ഇപ്പോൾ സബ്ജയിലിൽ റിമാൻഡിലാണ്. ആക്രമിക്കാൻ ഉപയോഗിച്ച ടീപ്പോയിയും കത്തികളും താക്കോൽകൂട്ടവും മറ്റു സ്വർണാഭരണങ്ങളും പൊലീസ് കണ്ടെടുത്തിരുന്നു. മോഷണം പോയ കാർ ആലപ്പുഴയിൽ നിന്നും കണ്ടെടുത്തിരുന്നു. സാലിയുടെ വിദേശത്തുണ്ടായിരുന്ന മകൾ ഷാനിയും മരുമകനും സംഭവമറിഞ്ഞ് നാട്ടിൽ എത്തിയിരുന്നു. എന്നാൽ ഗുരുതരാവസ്ഥയിൽ കഴിയുന്ന സാലിയെ കാണാൻ ഇവർക്കായിട്ടില്ല. നാളെ ക്വാറന്റീയിൻ കാലാവധി പൂർത്തിയാക്കി പിതാവിനെ കാണാനാണ് ഇവരുടെ ലക്ഷ്യം.