ഇടുക്കി: ജോലി വാഗ്ദാനം നല്കി പലരിൽ നിന്നായി ലക്ഷക്കണക്കിന് രൂപ കൈക്കലാക്കിയ 40കാരനെതിരെ കേസ്. ഇടുക്കി മുരിക്കാശേരി സ്വദേശിനി ജാൻസി ഷാജിയുടെ പരാതിയിലാണ് യു.പി സ്വദേശി ഷുകുൽ കുമാറിനെതിരെ മുരിക്കാശേരി എസ്.ഐ ജോൺസൺ കേസ് എടുത്തത്. ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ ഇയാൾ സമാനമായ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് അറിവായിട്ടുണ്ട്.
ജാൻസിയുടെ ഭർത്താവ് ഷാജി വിദേശത്തായിരുന്നു. ജോലി നഷ്ടപ്പെട്ട് നാട്ടിലെത്തിയ ഷാജി വിദേശത്ത് വേറെ ജോലി തേടി അലഞ്ഞപ്പോഴാണ് ഷുകുൽ കുമാറുമായി ബന്ധപ്പെടുന്നത്. മൂന്നു മാസത്തിനുള്ളിൽ ആഫ്രിക്കയിലെ ഘാനയിൽ ജോലി ശരിയാക്കിക്കൊടുക്കാം എന്നു പറഞ്ഞ് 50,000 രൂപ കൈപ്പറ്റിയതായി ജാൻസി പൊലീസിന് നല്കിയ പരാതിയിൽ പറയുന്നു. വർഷം ഒന്നു കഴിഞ്ഞിട്ടും ജോലി ശരിപ്പെടുത്തി കൊടുക്കാതിരുന്നതിനെ തുടർന്നാണ് ജാൻസി പരാതി നല്കിയത്. കമ്പംമേട്ടിലും ഇയാൾക്കെതിരെ തട്ടിപ്പിന് കേസുള്ളതായി അറിയുന്നു.