ഷംഷാബാദ്: വരനും കൂട്ടരും തട്ടിക്കൊണ്ടുപോയ വധുവിന്റെ സഹോദരന്റെ മൃതദേഹം കണ്ടത്തി. ഉത്തർപ്രദേശിലെ ഷംഷാബാദ് ഗ്രാമത്തിലാണ് സംഭവം. വിവാഹസദ്യ വിളമ്പുന്നതിനെച്ചൊല്ലി തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. വരനാണ് പ്രശ്നം തുടങ്ങിവച്ചത്.
തർക്കം മൂത്തപ്പോൾ മദ്യലഹരിയിലായിരുന്ന വരൻ മനോജും സുഹൃത്തുക്കളും വധുവിന്റെ ബന്ധുക്കൾക്ക് നേരെ ഉറഞ്ഞുതുള്ളി. ഇരുകൂട്ടരും തമ്മിൽ തല്ലായി. മനോജ് പെണ്ണിന്റെ അമ്മാവന് നേരെ വെടിയുതിർത്തെങ്കിലും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ഒടുവിൽ സദ്യ വിളമ്പിക്കൊണ്ടു നിന്ന വധുവിന്റെ ഒൻപത് വയസുകാരനായ സഹോദരനെ തൂക്കിയെടുത്ത് കാറിലിട്ട് വരനും സംഘവും പോയി. അമിതവേഗത്തിൽ പാഞ്ഞ വണ്ടി വധുവിന്റെ രണ്ട് ബന്ധുക്കളെ ഉൾപ്പെടെ മൂന്ന് പേരെ ഇടിച്ച് തെറിപ്പിച്ചു.
വരനും സംഘവും കൊണ്ടുപോയ കുട്ടിയെ ഒരുപാട് അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. ഞങ്ങളുടെ കുട്ടിയെ തിരിച്ചുതരണമെന്ന് വരനോട് മൊബൈലിൽ വിളിച്ച് വധുവിന്റെ വീട്ടുകാർ കേണപേക്ഷിച്ചെങ്കിലും ഫലമുണ്ടായില്ല. പിറ്റേദിവസം രാവിലെ ആളൊഴിഞ്ഞൊരു ഭാഗത്ത്.കുട്ടിയുടെ മൃതദേഹം കണ്ടെത്തി. കുട്ടിയുടെ മുഖം വികൃതമായ നിലയിലായിരുന്നു.കഴുത്തിൽ ശ്വാസം മുട്ടിച്ച് കൊന്നതിന്റെ പാടും. പൊലീസ് അന്വേഷണം തുടങ്ങി. വരനും കൂട്ടരും ഒളിവിലാണ്.