കോട്ടയം: പൂട്ടിയിട്ടിരുന്ന വീട് കുത്തിപ്പൊളിച്ച് വൻ മോഷണം. ഉടുമ്പൻചോല വെള്ളറക്കാംപാറ അയ്യപ്പന്റെ മകൻ ശെൽവത്തിന്റെ വീടിന്റെ മുൻവശത്തെ കതക് കുത്തിപ്പൊളിച്ചാണ് മോഷണം നടന്നത്. ഇന്ന് രാവിലെ എട്ടു മണിയോടെയാണ് മോഷണവിവരം അറിയുന്നത്. ഉടുമ്പൻചോല പൊലസ് സ്ഥലത്തെത്തിയിട്ടുണ്ട്. പൊലീസ് നായും വിരലടയാള വിദഗ്ദ്ധരും എത്തി തെളിവുകൾ ശേഖരിക്കും.
വീട്ടിലെ അലമാരയിലെ തുണികൾ വാരിവലിച്ചിട്ട നിലയിലാണ്. അലമാരിയിലുണ്ടായിരുന്ന സ്വർണവും പണവുമാണ് അപഹരിക്കപ്പെട്ടത്. ഏകദേശം 25 പവനിലേറെ സ്വർണാഭരണങ്ങൾ കവർന്നതായിട്ടാണ് അറിയുന്നത്. തലേദിവസം വൈകുന്നേരമാണ് ശെൽവം കുടുംബസമേതം ബന്ധുവീട്ടിൽ പോയത്. ഇത് അറിയാവുന്നവരാവാം മോഷണത്തിന് പിന്നിലെന്നാണ് പൊലീസ് സംശയിക്കുന്നത്. അന്വേഷണം തുടരുകയാണ്.