കണ്ണൂർ: കണ്ണൂരിൽ ഇതുവരെ സമൂഹവ്യാപനം ഉണ്ടായിട്ടില്ലെന്നും, എന്നാൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കേണ്ട സമയമാണിതെന്നും മന്ത്രി ഇ.പി ജയരാജൻ. ജില്ലയിൽ സ്ഥിതി അതീവ ഗുരുതരമാണെന്ന് അദ്ദേഹം വ്യക്തമാക്കി. രോഗവ്യാപനം തടയാൻ പ്രവാസികളുടെ പരിശോധന മാത്രമാണ് മാർഗം. രാഷ്ട്രീയ മുതലെടുപ്പല്ല വേണ്ടത് ജനങ്ങളെ രക്ഷിക്കാനുള്ള ഇടപെടലാണ് ഉണ്ടാകേണ്ടതെന്നും മന്ത്രി പറഞ്ഞു.
കൊവിഡ് ബാധിച്ച് മരിച്ച എക്സൈസ് ജീവനക്കാരന്റെ സമ്പർക്കപ്പട്ടിക വിപുലമാണെന്നും, മരണകാരണത്തെ കുറിച്ച് പ്രത്യക അന്വേഷണം നടത്തുമെന്നും മന്ത്രി അറിയിച്ചു. മട്ടന്നൂരിലെ എക്സൈസ് ഡ്രൈവറായിരുന്ന കണ്ണൂർ ബ്ലാത്തൂർ സ്വദേശി സുനിൽ കുമാർ ഇന്നലെയാണ് കൊവിഡ് ബാധിച്ച് മരിച്ചത്. സമ്പർക്കത്തിലൂടെയാണ് ഇരുപത്തിയെട്ടുകാരനായ ഇദ്ദേഹത്തിന് കൊവിഡ് ബാധിച്ചത്. കഴിഞ്ഞ 13നാണ് ഇദ്ദേഹത്തെ പനി ബാധിച്ച് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.