pic

കൊച്ചി:ഓപ്പോ, റിയല്‍മി, വിവോ,ഷവോമി തുടങ്ങിയ ഇന്ന് എല്ലാവർക്കും പ്രിയപ്പെട്ട സ്മാര്‍ട്ട് ഫോണ്‍ ബ്രാൻഡുകൾ വരുന്നതിന് മുൻപ് സാംസങ്ങിനോട് മത്സരിച്ചിരിക്കുന്ന സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡ് ആണ് മൈക്രോമാക്‌സ്. ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന മൈക്രോമാക്‌സ് വിപണിയില്‍ ഉയരുന്നതിന് ഇടയിലാണ് ചൈനീസ് സ്മാര്‍ട്ടഫോണ്‍ ബ്രാന്‍ഡുകളുടെ വരവ്.ഇതോടെ വിപണിയിൽ പിടിച്ച് നിൽക്കാൻ ആവാതെയായി.ഇപ്പോഴും വിപണിയിലുണ്ടെങ്കിലും പ്രതാപകാലത്തിന്റെ ഒരു ശതമാനം പോലും വിപണി വിഹിതം ഇപ്പോള്‍ മൈക്രോമാക്‌സിനില്ല. ഇപ്പോൾ ശക്തമായ തിരിച്ചുവരവിനൊരുങ്ങുകയാണ് തങ്ങള്‍ എന്ന സൂചനകള്‍ മൈക്രോമാക്‌സ് പുറത്തുവിട്ടു കഴിഞ്ഞു.

ഗള്‍വാന്‍ താഴ്വരയില്‍ ഇന്ത്യയും ചൈനയുമായുണ്ടായ സൈനീക നടപടിയില്‍ പ്രതിഷേധിച്ചു ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കാനുള്ള ആഹ്വനം നിലനില്‍ക്കുമ്പോഴാണ് ഇന്ത്യന്‍ കമ്പനി ആയ മൈക്രോമാക്‌സ് തിരിച്ചു വരവിന് തയ്യാറെടുക്കുന്നത് എന്നത് ശ്രദ്ധേയമായ കാര്യമാണ്. ചൈനീസ് ഉത്പന്നങ്ങള്‍ക്ക് ബദലായി നിങ്ങള്‍ പോക്കറ്റിലൊതുങ്ങുന്ന സ്മാര്‍ട്ട്‌ഫോണുകള്‍ പുറത്തിറക്കണം, ഞങ്ങള്‍ പിന്തുണക്കാം എന്ന ഒരു ട്വിറ്റര്‍ ഉപഭോക്താവിന്റെ കമന്റിന് മറുപടിയായി 'ഒരു നല്ല വാര്‍ത്തയുമായി ഞങ്ങള്‍ ഉടനെത്തും' എന്നാണ് മൈക്രോമാക്‌സിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജ് പ്രതികരിച്ചത്. അതോടൊപ്പമുള്ള ഹാഷ്ടാഗുകള്‍ #MadeByIndian, #MadeForIndian, #VocalForLocal എന്നിവ ഇന്ത്യന്‍ സ്മാര്‍ട്ടഫോണ്‍ ബ്രാന്‍ഡ് എന്ന വികാരം പരമാവധി പ്രയോജപ്പെടുത്തും മൈക്രോമാക്‌സ് എന്ന് വ്യക്തമാക്കുന്നു.

അടുത്ത മാസം തന്നെ പുത്തന്‍ മൈക്രോമാക്‌സ് ഫോണുകള്‍ വില്പനക്കെത്തും എന്നും റിപ്പോർട്ടുകൾ ഉണ്ട്.ആധുനിക ലുക്കുള്ള, പ്രീമിയം ഫീച്ചറുകള്‍ നിറഞ്ഞ 3 മോഡലുകളാണ് പുതുതായി മൈക്രോമാക്‌സ് വില്പനക്കെത്തിക്കുക. 3 ഫോണുകള്‍ക്കും 10,000-ല്‍ താഴെയായിരിക്കും വില.