kseb-bill-

ഹോട്ടലിൽ കയറിയ കെ.എസ്.ഇ.ബി എൻജിനീയർ ആവശ്യപ്പെട്ടത് നാല് പൊറോട്ടയും ഒരു പ്ലേറ്റ് ബീഫും.

ഭീമമായ കറന്റ് ചാർജ് അടയ്‌ക്കേണ്ടി വന്ന ആളാണ് ഹോട്ടലുടമ.

അതിനാൽ ഉടമ തന്നെ അയാൾക്ക് നേരിട്ട് ഭക്ഷണം സപ്ലൈ ചെയ്തു. നാല് പൊറോട്ട ഓരോന്ന് വീതം നാല് തവണയായാണ് സപ്ലൈ ചെയ്തത്. അങ്ങനെ ഭക്ഷണം കഴിഞ്ഞ് ബില്ല് കൊടുത്തു. ബില്ല് കണ്ട എൻജിനീയർ ഞെട്ടി. 850/ രൂപ!.

അയാൾ ഉടമയെ ചോദ്യം ചെയ്തു. വില പ്രദർശിപ്പിച്ച ബോർഡിൽ ബീഫിന് 100/ രൂപയും പൊറോട്ടയ്ക്ക് പത്ത് രൂപയുമല്ലേ ഉള്ളൂ. അപ്പോ ആകെ 140 രൂപയല്ലേ ആകൂ.

ഉടമ ഇങ്ങനെ മറുപടി നൽകി.

'ഒരു പൊറോട്ട മാത്രമാണ് നിങ്ങൾ കഴിച്ചതെങ്കിൽ 10 രൂപ തന്നാൽ മതി. ഒരു ബീഫ് മാത്രമാണ് നിങ്ങൾ കഴിച്ചതെങ്കിൽ 100/ രൂപ മതി.

നിങ്ങൾ നാല് പൊറോട്ട കഴിച്ചു.

ആദ്യത്തെ പൊറോട്ടയ്‌ക്ക് 10/ രൂപ .

രണ്ടാമത്തെ പൊറോട്ടയ്‌ക്ക് 50/ രൂപ .

മൂന്നാമത്തെ പൊറോട്ടയ്‌ക്ക് 100/ രൂപ.

നാലാമത്തെ പൊറോട്ടയ്‌ക്ക് 200/ രൂപ.

ബീഫ് പൊറോട്ടെയുടെ കൂടെ ആയതിനാൽ ബീഫിന് 200/ രൂപ.'

എൻജിനീയർ : അതെന്ത് പരിപാടിയാ? '

ഉടമ : '100 യൂണിറ്റ് വരെ 3.70 രൂപ. 200 യൂണിറ്റ് വരെ 6.40 രൂപ. 250 യൂണിറ്റ് വരെ 7. 60 രൂപ എന്ന പരിപാടി ആകാമെങ്കിൽ എനിക്ക് ഈ പരിപാടിയും ആകാം.'

എൻജിനീയർ: 'എന്നാലും 560 / അല്ലേ ആവുള്ളൂ.'

ഉടമ : ഞാൻ ഒന്നിച്ച് തരാതെ നാല് തവണയായിട്ടല്ലേ കൊണ്ട് തന്നത് അതിന് 140 / രൂപ.'

എൻജിനീയർ: ഞാൻ പറഞ്ഞോ നാലു തവണയായി തരാൻ? നിങ്ങൾക്ക് ഒന്നിച്ച് തന്നാൽ പോരേ? അതെന്നാ തോന്ന്യാസമാ?'

ഉടമ: നിങ്ങൾ ഒരു മാസത്തെ ബില്ല് അപ്പോൾ തരാതെ യൂണിറ്റ് കൂട്ടാൻ രണ്ട് മാസത്തെ ബില്ല് ഒന്നിച്ച് തരാമെങ്കിൽ എനിക്ക് ഈ തോന്ന്യാസവുമാകാം.'

എൻജിനീയർ : എന്നാലും 700/ രൂപ അല്ലേ ആകുള്ളൂ. ബാക്കി 150 പിന്നെന്താ ?'.

ഉടമ: നിങ്ങൾ സാധാരണയായി ഇവിടെ വന്ന് ഭക്ഷണം കഴിച്ചാൽ 100 രൂപയോ 150 രൂപയോ ആണ് ബില്ല് ആകാറുള്ളത്. ഇത്തവണ 700ആയില്ലേ. അതോണ്ട് 100 രൂപ കൂടി അധികം അടയ്ക്കണം. അങ്ങനെ 800 രൂപ.'

ഇത്തവണ എൻജിനീയർക്ക് സഹികെട്ടു . ക്ഷമ നശിച്ചു. ശാന്തമാക്കി വെച്ച മനസ് കാറും കോളും നിറഞ്ഞ സമുദ്രം പോൽ പ്രക്ഷുബ്ധമായി. കണ്ണുകൾ ചുവന്നു. അയാൾ അലറി. ' 'ഞാനെന്തിന് പിന്നേം 100/ രൂപ അധികം തരണം?'

ഉടമ: സാധാരണ അടയ്ക്കാറുള്ള ബില്ലിൻ മേൽ, മേൽപ്പറഞ്ഞ എല്ലാ പരിപാടിയും ചെയ്ത് വച്ച് കൂടിയ ബില്ലും തന്ന് സാധാരണ ബില്ലിനേക്കാളും തുക കൂടിയെന്നും പറഞ്ഞ്, ഉപയോഗിക്കാത്ത കറന്റിന്മേൽ നിങ്ങൾക്ക് അഡീഷണൽ ഡെപ്പോസിറ്റ് ഈടാക്കാമെങ്കിൽ എനിക്ക് ഇതും ആകാം.'

എൻജിനീയർ കോപത്തോടെ : അപ്പോ ബാക്കി 50 രൂപയോ?.

ഉടമ:അത് നിങ്ങൾ ഇത്രയും സമയം ഇവിടെ ചെലവഴിച്ചതിന് വാടക.'

എൻജിനീയർ : ഞാൻ കാശ് തന്ന് ഞാൻ ഭക്ഷണം കഴിക്കുമ്പോ ഞാൻ എന്തിന് വാടക തരണം .'

ഉടമ : ഞങ്ങൾ കാശ് തന്ന് ഞങ്ങളുടെ വീട്ടിൽ വെച്ച ഞങ്ങളുടെ മീറ്ററിന് നിങ്ങൾക്ക് വാടക വാങ്ങാമെങ്കിൽ എനിക്ക്ഈ കാശ് വാങ്ങാം '

എൻജിനീയർ കാശ് കൊടുത്ത് ഹോട്ടലിൽ നിന്ന് ഇറങ്ങുമ്പോ ഓർത്തു .

'ശരിക്കും എന്തൊക്കെയോ അപാകതകൾ ഉണ്ടല്ലോ? '

(ലേഖകൻ സോഷ്യൽ മീഡിയയിൽ പ്രസിദ്ധീകരിച്ച കുറിപ്പാണിത് )