camp

ന്യൂഡൽഹി : ഇന്ത്യൻ ഭൂവിഭാഗങ്ങൾ ചേർത്തുകൊണ്ടുള്ള ഭൂപട പരിഷ്‌കാരത്തിന് കഴിഞ്ഞ ദിവസം നേപ്പാൾ പാർലമെന്റ് അംഗീകാരം നൽകിയിരുന്നു. ഇതിന് പിന്നാലെ ആദ്യമായി ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന സ്ഥലങ്ങളിൽ സൈന്യത്തെ വിന്യസിക്കുകയാണ് നേപ്പാൾ. ആയുധ ശേഷിയിൽ ഇന്ത്യയുടെ ഏഴയലത്ത് പോലും നിൽക്കില്ലെങ്കിലും നേപ്പാളിന്റെ നീക്കങ്ങൾക്കു പിന്നിൽ ചൈനയെന്നാണ് കരുതുന്നത്. ഇന്ത്യയുടെ പ്രദേശമായ ലിപുലെഖിന് സമീപത്തായിട്ടാണ് താത്കാലിക ടെന്റുകൾ നേപ്പാളി സൈന്യം ഉയർത്തിയിരിക്കുന്നത്. കാളിനദിയ്ക്ക് സമീപമാണിത്. ഇതിനടുത്തായി ഹെലിപ്പാഡും തയ്യാറാക്കിയതായി വിവരമുണ്ട്. ഡസൻകണക്കിന് സൈനികരെയാണ് ഇവിടെ എത്തിച്ചിട്ടുള്ളത്. ഇതാദ്യമായിട്ടാണ് ഈ പ്രദേശത്ത് സൈനിക ക്യാമ്പ് നേപ്പാൾ തുറക്കുന്നത്.


ഇന്ത്യൻ ഭൂപ്രദേശങ്ങളായ ലിപുലേഖ്, ലിംപിയാധുര, കാലാപാനി എന്നിവയെ സ്വന്തമാക്കിയാണ് നേപ്പാൾ ഭൂപടം പരിഷ്‌കരിച്ചത്. ഇതിനായുള്ള 'രണ്ടാം ഭരണഘടനാ ഭേദഗതി' ബില്ലിന് നേപ്പാൾ പാർലമെന്റിന്റെ ഉപരിസഭയും ഏകകണ്ഠമായി അംഗീകാരം നൽകി. 59 അംഗങ്ങൾ ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തു. ഇനി പ്രസിഡന്റ് ഒപ്പിട്ടാൽ ഭേദഗതി ഭരണഘടനയുടെ ഭാഗമാകും. ഇന്ത്യയുടെ ശക്തമായ എതിർപ്പ് തള്ളിയാണ് നേപ്പാളിന്റെ നടപടി. അധോസഭയായ പ്രതിനിധി സഭ ശനിയാഴ്ച ബില്ല് അംഗീകരിച്ചിരുന്നു.

നേപ്പാളിൽ സാധാരണ ഒരു മാസത്തോളം നീണ്ട പ്രകിയയിലൂടെ മാത്രമേ ഒരു ഭരണഘടനാ ഭേദഗതി പാസാക്കാനാകൂ. എന്നാൽ ഇത്തവണ, ജനവികാരം കണക്കിലെടുത്ത് ചില നടപടിക്രമങ്ങൾ ഉപേക്ഷിച്ചു എന്നാണ് നേപ്പാൾ സർക്കാർ വിശദീകരിക്കുന്നത്. തങ്ങളുടെ ഭൂമി ഇന്ത്യ കൈയടക്കി വച്ചിരിക്കുകയാണെന്നും നയതന്ത്ര ചർച്ചകളിലൂടെ അവ തിരിച്ചുപിടിക്കുമെന്നും നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. നിയമനടപടികൾ പൂർത്തിയായാലുടൻ ഇന്ത്യൻ പ്രദേശങ്ങൾ രേഖപ്പെടുത്തിയ ഭൂപടം നേപ്പാളിന്റെ ദേശീയതയുടെ ഭാഗമാകും.

1962ൽ ചൈനയുമായുണ്ടായ യുദ്ധത്തിന് ശേഷം, ഇന്ത്യൻ സൈന്യം നിർണായകമേഖലകളായി കണക്കാക്കുന്നവാണ് ഉത്തരാഖണ്ഡിലെ ലിംപിയാധുര, കാലാപാനി എന്നീ മേഖലകൾ. പുതിയ ഭൂപടമനുസരിച്ച് ഇവ നേപ്പാൾ അതിർത്തിക്ക് അകത്താണ്. ഉത്തരാഖണ്ഡിലെ ധർചുലയേയും ലിപുലേഖിനെയും ബന്ധിപ്പിച്ച് ഇന്ത്യ 80 കി.മീറ്റർ റോഡ് നിർമ്മിച്ചതാണ് നേപ്പാളിനെ ചൊടിപ്പിച്ചത്. പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് മേയ് 8ന് ഈ റോഡ് ഉദ്ഘാടനം ചെയ്തു. എന്നാൽ റോഡ് തങ്ങളുടെ മേഖലയിലൂടെയാണ് കടന്നുപോകുന്നതെന്ന് പറഞ്ഞ് നേപ്പാൾ പ്രതിഷേധിച്ചിരുന്നു. നേപ്പാൾ പൊലീസിന്റെ വെടിവയ്പിൽ ബിഹാർ അതിർത്തിയിൽ കഴിഞ്ഞ ദിവസം ഇന്ത്യൻ കർഷകൻ കൊല്ലപ്പെട്ടിരുന്നു.