കരച്ചിൽ കണ്ടാൽ ആർക്കായാലും മനസ്സലിയും. അങ്ങനെ മനസലിഞ്ഞത് ആർക്കാണെന്നുള്ളതാണ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്ന ഒരു വീഡിയോയുടെ പ്രത്യേകത. ഡെലിവറി ബോയിയെ കവർച്ച ചെയ്യാനെത്തിയ രണ്ട് കള്ളന്മാർക്ക് യുവാവിന്റെ കരച്ചിൽ കണ്ടപ്പോൾ മനസലിഞ്ഞു.അതോടെ മോഷ്ടിച്ച സാധനം മടക്കി നൽകി. പാക്കിസ്ഥാനിലെ കറാച്ചിയിലാണ് സംഭവം. കഴിഞ്ഞ ദിവസം സോഷ്യൽമീഡിയയിൽ വൈറലായ സിസിടിവി വീഡിയോ ആണിത്.
ബൈക്കിലെത്തിയ രണ്ട് കള്ളന്മാർ ഡെലിവറി പാക്കേജുമായി നിൽക്കുന്ന യുവാവിന് സമീപമായി ബൈക്ക് നിറുത്തുന്നത് വീഡിയോയിൽ കാണാം. ചെറുപ്പക്കാരന്റെ കയ്യിലുള്ള പാക്കറ്റ് ഇവർ പിടിച്ചു പറിക്കുന്നു. ഇതോടെ കവർച്ചയ്ക്കിരയായ ചെറുപ്പക്കാരൻ കരയാൻ തുടങ്ങി. കരച്ചിൽ കണ്ട് മനസ്സലിഞ്ഞ കവർച്ചക്കാർ പാക്കറ്റ് തിരിച്ചു നൽകുന്നത് വീഡിയോയിൽ കാണാം. അതുകൊണ്ടും തീർന്നില്ല. സംഘത്തിലെ ഒന്നാമൻ ചെറുപ്പക്കാരനെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിക്കുന്നുണ്ട്. അടുത്തയാൾ ഹസ്തദാനവും നൽകി. ഇതിനു ശേഷം ഇരുവരും ബൈക്കുമെടുത്ത് പോയി.
പാകിസ്ഥാനി ന്യൂസ് പോർട്ടലായ എക്സ്പ്രസ് ട്രിബ്യൂൺ ആണ് ട്വിറ്ററിൽ വീഡിയോ അപ്ലോഡ് ചെയ്തത്. ഇതിനകം ഒരുലക്ഷത്തിനടുത്ത് വ്യൂസ് ആണ് വീഡിയോയ്ക്ക് ലഭിച്ചത്. മനുഷ്യത്ത്വമുള്ള കള്ളന്മാരെ അഭിനന്ദിക്കുകയാണ് എല്ലാവരും.
WATCH: CCTV footage of robbers in #Karachi consoling #food delivery man and returning his valuables after he breaks down into tears goes #viral.
— The Express Tribune (@etribune) June 16, 2020
For more: https://t.co/sjyrWUXJoc pic.twitter.com/GsgmurCNAw