മലപ്പുറം: തിരുനാവായയിൽ അമ്മയേയും കുഞ്ഞിനേയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുനാവായ പാടത്തെ പീടിയക്കൽ ഷഫീഖിന്റെ ഭാര്യ ആബിദ (33) ,മകൾ ഷഫ്‍ന ഫാത്തിമ (ഒന്നര വയസ്) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രിയാണ് ഇരുവരെയും കാണാതായത്.
വീടിനടുത്തുള്ള ആളൊഴിഞ്ഞ പറമ്പിലെ കിണറ്റിലാണ് ഇന്ന് പുലർച്ചെ ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാത്രി ഇവരെ കാണാതായതായി വീട്ടുകാർ തിരൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ഇന്ന് പുലർച്ചെ സമീപത്തെ പറമ്പിലെ കിണറിനോട് ചേർന്ന് ഇരുവരുടെയും ചെരിപ്പ് കണ്ടെത്തിയിരുന്നു. തുടർന്ന് കിണറ്റിലിറങ്ങി തിരച്ചിൽ നടത്തിയപ്പോൾ മൃതദേഹം കണ്ടെത്തുകയായിരുന്നു.
തിരൂരിൽ നിന്നുള്ള അഗ്നിരക്ഷാ സേന എത്തിയാണ് പിന്നീട് കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്തത്. തിരൂർ എസ്.ഐ. ജലീൽ കറുത്തേടത്തിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹങ്ങൾ മോർച്ചറിയിലേക്ക് മാറ്റി.