sachy

കൃത്യമായ ചേരുവകളിലൂടെയാണ് ഒരു നല്ല സിനിമ ജനിക്കുന്നത്. എട്ട് വർഷം അഭിഭാഷകനായി പ്രാക്ടീസ് ചെയ്ത ശേഷമാണ് സച്ചി സിനിമാ രംഗത്തേയ്ക്കെത്തിയത്. വ്യത്യസ്ഥ പ്രമേയങ്ങളിലൂടെ തുടർവിജയം നേടിയിട്ടും മനസ്സിലുള്ളത് ഇത്തരം സിനിമകളല്ലെന്ന് തുറന്ന് പറഞ്ഞിരുന്നൊരാളാണ് സച്ചിദാനന്ദൻ. ചോക്ളേറ്റ് മുതൽ അയ്യപ്പനും കോശിയും വരെ എല്ലാ സിനിമകളുടെയും കേന്ദ്രബിന്ദുവായി കടന്ന് വന്നിരുന്നത് നിയമപ്രശ്നങ്ങളാണ്. ജീവിത സാഹചര്യങ്ങൾ കൊണ്ട് പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിക്കാൻ കഴിയാത്ത ഈ പ്രതിഭയ്ക്ക് നിയമപഠനം സിനിമയിൽ വളരെയേറെ ഉപകാരപ്പെട്ടിരുന്നു.

സച്ചിയുടെ പല സിനിമകളിലും രാഷ്ട്രീയ സ്വധീനമുള്ള ഡയലോഗുകൾ പ്രകടമാണ്. ''ഈ ചുവപ്പണിഞ്ഞവർക്കൊരു ചിന്തയുണ്ട് ഖദർ അണിഞ്ഞവരൊക്കെ വിഢികളും പേടിക്കാരുമാണ്'' എന്ന രാമലീലയിലെ ഡയലോഗും ''ഈ ഖദറിട്ട നിങ്ങൾക്ക് പിന്നെ ഒരു കാര്യത്തിനും നോ പറയാൻ അറിയില്ലല്ലൊ?'' എന്ന ഡ്രൈവിങ്ങ് ലൈസൻസിലെ ഡയലോഗും ശ്രദ്ധേയമാണ്. എന്നാൽ ഇതൊന്നും തന്രെ വ്യക്തി രാഷ്ട്രീയമല്ലെന്ന് സച്ചി തന്നെ പറഞ്ഞിട്ടുണ്ട്. ''രാഷ്ട്രീയ പശ്ചാത്തലത്തിൽ രാമലീല എന്ന സിനിമ ചെയ്യുമ്പോൾ അതിലെ കഥാപാത്രം ഒരു ഇടതുപക്ഷ എംഎൽഎ പുറത്താക്കപ്പെട്ട ശേഷം എതിർ ചേരിയിലേയ്ക്ക് കയറി കൂടുന്നൊരാളാണ്.അവിടെ ആ കഥാപാത്രത്തിന്രെ രാഷ്ട്രീയം എന്താണെന്ന് ഞാൻ പറയുന്നു അത് എന്റെ രാഷ്ട്രീയമല്ല" എന്ന് സച്ചി തന്നെ പറഞ്ഞിട്ടുണ്ട്. ''നോക്കിയും കണ്ടുമൊക്കെ നിന്നില്ലെങ്കിൽ വണ്ടിയിടിച്ച് മരിക്കുന്നത് പോലെയുള്ളു രക്തസാക്ഷിത്വം'' എന്ന രാമലീലയിലെ ഡയലോഗും ശ്രദ്ധേയമാണ്. അത് ആ സമയത്ത് ചർച്ചയായ കൊലപാതകരാഷ്ട്രീയങ്ങളെ ഉദ്ദേശിച്ച് പറഞ്ഞതാണെന്നും സച്ചി പറഞ്ഞിരുന്നു.

''സത്യത്തിൽ രാമലീല ഒരിക്കലും ഈ കേരള രാഷ്ട്രീയത്തിൽ പറയാൻ ഉദ്ദേശിച്ചിരുന്നൊരു സിനിമയല്ല. അത് ഡൽഹി രാഷ്ട്രീയത്തിൽ പറയാൻ ഉദ്ദേശിച്ചിരുന്നതാണ്. അതിന്രെ കഥ രൂപപ്പെടുത്തുന്നതിന്രെ ഭാഗമായി ഡൽഹിയിൽ മുപ്പത് ദിവസത്തോളം ഞാൻ പോയി താമസിക്കുകയും ഓരോ ഏരിയയിലും കേരള ഹൗസ്, എംപിമാരുടെ കോർട്ടേഴ്സ്, പാർലമെന്ര് അങ്ങനെയുള്ള ഒരുപാട് ഏരിയയിൽ പോയിട്ടുണ്ട്. ടി പി ഹർഷനുമായിട്ടൊരു നാല് ദിവസത്തോളം ചർച്ച നടത്തിയിട്ടുണ്ട്. പക്ഷെ അതുവച്ചിട്ടൊരു കഥ രൂപപ്പെട്ടു. അപ്പോൾ അതിലൊക്കെ ദിലീപിന്രെ കാരക്ടറിന്രെ ഇൻട്രോഡക്ഷൻ തന്നെ ഹിന്ദിയിൽ പ്രസംഗിച്ച് കൊണ്ടൊരു ജൂനിയർ എംപി എന്നുള്ള മട്ടിലാണ് നമ്മൾ ആലോചിച്ചിരുന്നത്. പക്ഷെ അതിന്രെ കഥ രൂപപ്പെട്ട് കുറച്ച് കഴിഞ്ഞ ശേഷമാണ് ഡൽഹിയിലെ രാഷ്ട്രീയം മാറുന്നത്. നരേന്ദ്രമോദി അധികാരത്തിൽ വരുന്നു. അതു വരെ ഞാനാലോചിച്ച കഥയുമായി ബന്ധമില്ലാത്തൊരു രാഷ്ട്രീയ സാഹചര്യം ഉടലെടുത്തു. അങ്ങനെയാണ് ആ കഥ മാറ്റി വച്ചിട്ട്, കേരള രാഷ്ട്രീയത്തിലോട്ടായത്. അപ്പോൾ അങ്ങനെ പറയുമ്പോൾ പെട്ടെന്ന് റിലേറ്റ് ചെയ്യാവുന്ന എന്ത് കാര്യമാണുള്ളത്. പിന്നെ നമ്മൾ ഒരു കൊമേർഷ്യൽ സിനിമാക്കാരനെ സംബന്ധിച്ച് പെട്ടെന്ന് അതായത് കൂടുതൽ ബുദ്ധിമുട്ടാതെ ജനങ്ങളിലേയ്ക്ക് എത്തിക്കാൻ പറ്റുന്ന എന്ത് മേഖലയാണുള്ളത്'.- സച്ചിയുടെ വാക്കുകൾ.

ഇന്നലെ രാത്രി 10.30 ഓടെയാണ് സച്ചിയുടെ മരണം സ്ഥിരീകരിച്ചത്. ഇടുപ്പ് മാറ്റിവയ്‌ക്കൽ ശസ്ത്രക്രിയ‌യ്‌ക്ക് വിധേയനായ സച്ചി; ഹൃദയാഘാതത്തെ തുടർന്ന് മരണത്തിന് കീഴടങ്ങുകയായിരുന്നു.