
മുംബയ്: നിശ്ചയിച്ചിരുന്നതിലും ഒൻപത് മാസം മുൻപ് തന്നെ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് സമ്പൂർണ ബാധ്യത രഹിത കമ്പനിയായതായി കമ്പനി ചെയർമാൻ മുകേഷ് അംബാനി അറിയിച്ചു. കമ്പനിയുടെ ഓഹരി ഉടമകളോട് താൻ നൽകിയ വാക്ക് 58 ദിവസം കൊണ്ട് പൂർത്തിയാക്കിയെന്നും അംബാനി പറഞ്ഞു.
ആകെ 1,68,818 കോടി രൂപ രണ്ട് മാസത്തിൽ താഴെ സമയം കൊണ്ട് സമാഹരിക്കാനായി. ജിയോ പ്ളാറ്റ്ഫോമുകളിൽ നിന്ന് 1,15,693.95 കോടി രൂപ ആഗോള നിക്ഷേപകരിൽ നിന്ന് ലഭിച്ചു. ഫേസ്ബുക്ക്, സിൽവർ ലേക്ക്, വിസ്‌റ്റ ഇക്വിറ്റി പാർട്ണേഴ്സ്, ജനറൽ അറ്റ്‌ലാന്റിക്, കെകെആർ, മുബാദാല ഇങ്ങനെ നിരവധി കമ്പനികൾ ഏപ്രിൽ മാസത്തിൽ ജിയോയിൽ നിക്ഷേപിച്ചു. 53,124.20 രൂപ അവകാശ ഓഹരി വിൽപന വഴി ലഭിച്ചു.
ഈ വർഷം മാർച്ച് 31ന് റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ കടം 1,61,035 കോടി രൂപയായിരുന്നു. കമ്പനി കടരഹിതമാകാൻ 2021 മാർച്ച് 31 വരെ സമയം ഉണ്ടായിരുന്നു. നിലവിൽ ലഭിച്ച നിക്ഷേപമനുസരിച്ച് കമ്പനി കട രഹിതമായി കഴിഞ്ഞു. റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ബാധ്യത രഹിതമാക്കാൻ 2019 ആഗസ്‌റ്റ് 12നാണ് കമ്പനി ചെയർമാനായ മുകേഷ് അംബാനി പദ്ധതി പ്രഖ്യാപിച്ചത്. റിലയൻസിലൂടെ ഇന്ത്യയിലെ ഒരു കമ്പനി ചുരുങ്ങിയ സമയം കൊണ്ട് വിദേശ നിക്ഷേപ സ്ഥാപനങ്ങൾ വഴി വലിയ നിക്ഷേപം സ്വീകരിച്ച് ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്.