rahul-gandhi

ന്യൂഡൽഹി: അതിർത്തി സംഘർഷത്തിൽ കേന്ദ്രത്തിനെതിരെ വീണ്ടും രാഹുൽഗാന്ധി. ചൈന കടന്നു കയറിയപ്പോൾ കേന്ദ്ര സർക്കാർ‌ ഉറങ്ങുകയായിരുന്നുവെന്നായിരുന്നു രാഹുലിന്റെ വിമർശനം. ചൈന നടത്തിയ ആക്രമണം ആസൂത്രിതമായിരുന്നുവെന്ന് പ്രതിരോധ സഹമന്ത്രി ശ്രീപദ് യശോ നായിക്കിന്റെ പ്രസ്താവന ചൂണ്ടിക്കാട്ടിയായിരുന്നു രാഹുലിന്റെ ട്വീറ്റ്. പ്രശ്നങ്ങൾ സർക്കാർ കണ്ടില്ലെന്ന് നടിച്ചതായി കുറ്റപ്പെടുത്തിയ രാഹുൽ വീരമൃത്യുവരിച്ച ജവാന്മാർക്കായിരുന്നു അതിന്റെ വില നൽകേണ്ടി വന്നതെന്നും ട്വിറ്ററിൽ കുറിച്ചു.

അതേസമയം ചൈനയുമായുള്ള സംഘർഷം ചർച്ച ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ച സർവകക്ഷി യോഗം ഇന്ന് വൈകുന്നേരം അഞ്ചിന് ചേരും. വീഡിയോ കോൺഫറൻസ് വഴി നടക്കുന്ന യോഗത്തിൽ പ്രധാന പ്രതിപക്ഷ പാർട്ടികളുടെ നേതാക്കൾ പങ്കെടുക്കും. ചൈന തടഞ്ഞുവച്ച 10 ഇന്ത്യൻ സൈനികരെ വിട്ടയച്ചെന്നാണ് വിവരം. ഒരു ലഫ്റ്റ്നന്റ് കേണലും മൂന്ന് മേജർമാരും അടക്കമുള്ളവരെ വിട്ടയച്ചതായാണ് ദേശിയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ ദേശിയ മാദ്ധ്യമങ്ങൾ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.