pic

കോട്ടയം: മോഷണക്കേസിലെ പ്രതികൾ സ്റ്റേഷനിലെത്തി ഒപ്പിട്ടശേഷം മടങ്ങുന്നതിനിടയിൽ പലചരക്ക് കടയിൽ കയറി ജീവനക്കാരിയെ തള്ളിയിട്ടശേഷം മേശയുടെ ഡ്രോയിൽ നിന്നും 3000 രൂപ അപഹരിച്ചു. ഇന്നലെ വൈകുന്നേരം തലയോലപ്പറമ്പ് പാലാംകടവ്-കെ.ആ‌ർ ഓഡിറ്റോറിയം റോഡിൽ വേഴവേലിൽ അൻസിലിന്റെ കടയിലാണ് മോഷണം നടന്നത്. പരാതിയെ തുടർന്ന് സി.ഐ ജേർളിൻ സ്കറിയയുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.സംഭവം നടക്കുമ്പോൾ കടയുടമ അവിടെ ഇല്ലായിരുന്നു. ജീവനക്കാരിയെ ഏല്പിച്ചിട്ട് ഊണ് കഴിക്കാൻ പോയതായിരുന്നു അൻസിൽ.

കടയിൽ കയറിവന്ന രണ്ടുപേർ എന്തോ സാധനം ചോദിച്ച് നിന്നു. ഇതിനിടയിൽ ഒരാൾ ജീവനക്കാരിക്കൊപ്പം കടയ്ക്കുള്ളിലേക്ക് കടന്നു. ഈ സമയം മേശയിൽ നിന്നും പണം കവരുകയായിരുന്നു. ഇത് കണ്ട് ജീവനക്കാരി ബഹളം വച്ചതോടെ അവരെ തള്ളിയിട്ടശേഷം ഇരുവരും ഓടി രക്ഷപെട്ടു.സ്റ്റേഷനിൽ ഒപ്പിടാൻ എത്തിയപ്പോഴാണ് മോഷ്ടാക്കൾ ഇരുവരും ചങ്ങാത്തത്തിലായത്. ഒപ്പിട്ടശേഷം പുറത്തിറങ്ങവേയാണ് പലചരക്ക്കടയിൽ മോഷണം നടത്തുവാൻ ഇവർ പദ്ധതിയിട്ടത്.