lion

കാട്ടിലെ കാഴ്ചകൾക്ക് പലപ്പോഴും ക്രൂരതയുടെ മുഖമാണ്. അത്തരമൊരു കാഴ്ചയാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. സൗത്ത് ആഫ്രിക്കയിലെ ക്രൂഗർ ദേശീയ പാർക്കിൽ നിന്നു പകർത്തിയതാണ് ഈ ദൃശ്യം. ഒരു കൂറ്റൻ ജിറാഫിനെ സിംഹക്കൂട്ടം ഭക്ഷിക്കുന്നതാണ് ദൃശ്യത്തിലുള്ളത്. ഏഴോളം ആൺ സിംഹങ്ങൾ ഊഴമനുസരിച്ച് ജിറാഫിനെ ഭക്ഷിക്കുന്നത് കാണാം. പെൺസിംഹങ്ങളുമുണ്ട് കൂട്ടിന്. ജിറാഫിന്റെ അവശിഷ്ടങ്ങൾ ഭക്ഷിക്കാനെത്തിയ കഴുതപ്പുലിക്കൂട്ടത്തെ ഓടിച്ചു വിടുന്ന കാട്ടാനയേയും വീഡിയോയിൽ കാണാം. കാട് കാണാനിറങ്ങിയ ഒരു സംഘമാളുകളാണ് ഈ ദൃശ്യം പകർത്തിയത്.

ജിറാഫിനെ പങ്കുവച്ച് ഭക്ഷിക്കുന്ന രംഗങ്ങൾക്ക് ഒടുവിലാണ് ദയനീയമായ മറ്റൊരു സംഭവം ദൃശ്യങ്ങളിൽ വെളിവാകുന്നത്. സിംഹക്കൂട്ടം ജിറാഫിന്റെ വയറ്റിൽ നിന്ന് ഗർഭാവസ്ഥയിലുള്ള ജിറാഫിൻ കുഞ്ഞിനെ കടിച്ചെടുക്കുന്നു. കുഞ്ഞു ജിറാഫിനെ വലിച്ചെടുത്ത് ഒരു സിംഹം കാട്ടിലേക്ക് മറയുന്നതും കാണാം. നിരവധി പേരാണ് ഈ വീഡിയോ കണ്ടത്. ക്രൂഗർ സൈറ്റിംഗ്സ് എന്ന യൂട്യൂബിലാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. പ്രകൃതി ചിലപ്പോഴൊക്കെ ക്രൂരമാണ്.അങ്ങനെയൊരു ദൃശ്യമാണിത്. കണ്ടിരിക്കാൻ പ്രയാസം എന്നാണ് കാപ്ഷൻ കുറിച്ചിരിക്കുന്നത്. ഭക്ഷണം തേടുന്ന നീതിയുണ്ടെങ്കിലും ക്രൂരതയുടെ മുഖമാണിതെന്ന് ചിലർ കുറിച്ചു. കോഴിയേയും പോത്തിനേയുമൊക്കെ ഭക്ഷണമാക്കുന്നവർക്കും വീഡിയോയിലെ സിംഹങ്ങളുടെ മനോഭാവമല്ലേ എന്ന് ചോദിക്കുന്നവരുമുണ്ട്.