rajan-p-dev

കോമഡി, സ്വഭാവ നടൻ, വില്ലൻ എന്നിങ്ങനെ ഏതു കഥാപാത്രവും അതിന്റേതായ തന്മയത്തത്തോടു കൂടി പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിച്ച് കയ്യടി വാങ്ങിയിരുന്ന താരമാണ് രാജൻ പി.ദേവ്. പ്രേക്ഷകരെ വിറപ്പിക്കാനും ചിരിപ്പിക്കാനും ഒരുപോലെ കഴിഞ്ഞിരുന്ന നടൻ. രാജൻ.പി ദേവ് ഓർമയായിട്ട് പത്തു വർഷം കഴിഞ്ഞു. ഇന്നലെ രാജൻ.പി ദേവിന്റെ ജന്മദിനമായിരുന്നു. തങ്ങളുടെ പ്രിയപ്പെട്ട ഡാഡിച്ചന്റെ ജന്മദിനം ആദ്യമായും അവസാനമായും ആഘോഷിച്ചതിന്റെ ഓർമ്മകൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുകയാണ് മകൻ ജുബിൽ രാജൻ.പി ദേവ്.

ജുബിലിന്റെ കുറിപ്പ്

ഞങ്ങളുടെ പിറന്നാൾ ആഘോഷിക്കാൻ ഡാഡിച്ചന് എന്നും ഭയങ്കര ഉത്സാഹം ആയിരുന്നു. പക്ഷെ ഡാഡിച്ചന്റെ പിറന്നാൾ ആഘോഷിക്കാൻ ഞങ്ങൾക്ക് പറ്റിയിട്ടില്ല. ഡാഡിച്ചൻ ഏതെങ്കിലും ഷൂട്ടിംഗ് സെറ്റുകളിലായിരിക്കും. അഥവാ വീട്ടിൽ ഉണ്ടെങ്കിലും ഡാഡിച്ചന് വലിയ ഉത്സാഹം ഒന്നും കാണില്ല.

പക്ഷെ 2009ജൂൺ 18ന് എന്നോട് പറഞ്ഞു നമുക്ക് ചോയ്സിൽ (എന്റെ മൂത്ത സഹോദരിയും കുടുംബവും താമസിക്കുന്ന വില്ല ) പോയി കേക്ക് കട്ട് ചെയ്യാമെന്ന്. ഞാൻ ഓകെ പറഞ്ഞു. എന്റെ ഒരു സുഹൃത്ത് ഉണ്ടായിരുന്നു, പ്രശാന്ത്, അവനെയും കുടുംബത്തെയും വിളിക്കാൻ പറഞ്ഞു.. !!

അവന്റെ അമ്മാവൻ ഡാഡിച്ചന്റെ സുഹൃത്താണ്. അവനും ഭാര്യയും കുഞ്ഞും വന്നു. അങ്ങനെ എന്റെ പെങ്ങളുടെ വീട്ടിൽ ഞങ്ങൾ എല്ലാവരുംകൂടി ഡാഡിച്ചന്റെ പിറന്നാൾ ആഘോഷിച്ചു. പക്ഷെ അത് ഡാഡിച്ചന്റെ ആദ്യത്തേയും അവസാനത്തെയും ബർത്ത് ഡേ സെലിബ്രേഷൻ ആണെന്ന് ഞങ്ങൾ അറിഞ്ഞില്ല.

തൊട്ടടുത്ത മാസം, ജൂലായ് 29ന് ഡാഡിച്ചൻ ഞങ്ങളെ വിട്ടുപോയി.. ഏതാനും വർഷങ്ങൾക്കു മുൻപ് എന്റെ സുഹൃത്ത് പ്രശാന്തും ഞങ്ങളെ വിട്ടുപോയി !! വീണ്ടും ഒരുജൂൺ 18...അറിയാതെ ചോയിസിലെ ആ ബർത്ത് ഡേ ആഘോഷം ഓർത്തുപോയി..
Happy Birthday Dadicha...