ന്യൂഡൽഹി: അതിർത്തി സംഘർഷത്തെ തുടർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ച സർവ്വകക്ഷിയോഗത്തിൽ സംശയങ്ങളും ചോദ്യങ്ങളും ഉന്നയിക്കുമെന്ന് മുൻപ്രതിരോധമന്ത്രിയും കോൺഗ്രസ് നേതാവുമായ എ.കെ ആന്റണി. ഇത്രയും വലിയ സംഘർഷം എങ്ങനെയുണ്ടായി. ഇതുവരെ തർക്കപ്രദേശമല്ലാതിരുന്ന ഗൽവാനിൽ എങ്ങനെ ഇങ്ങനെയൊരു ഏറ്റുമുട്ടലുണ്ടായി എന്നീ കാര്യങ്ങളിലെല്ലാം സർക്കാരിൽ നിന്നും വിശദീകരണം തേടുമെന്നും എ.കെ ആന്റണി വ്യക്തമാക്കി.
ചൈനീസ് കടന്നു കയറ്റത്തിന്റെ കൃത്യമായ വിവരങ്ങൾ പ്രതിപക്ഷം യോഗത്തിൽ തേടിയേക്കുമെന്നാണ് വിവരം. സൈനികർ ആയുധമില്ലാതെയാണ് ചൈനീസ് സൈനികരെ നേരിട്ടത് എന്ന ആരോപണത്തിനും പ്രതിപക്ഷ കക്ഷികൾ വിശദീകരണം തേടിയേക്കും. ചൈന പിൻമാറിയില്ലെങ്കിൽ എന്തു വേണം എന്ന കാര്യത്തിലും യോഗത്തിൽ ചർച്ച നടക്കാനാണ് സാദ്ധ്യത. സൈനിക പ്രതിനിധികൾ തന്നെ യോഗത്തിനെത്തി സ്ഥിതിഗതികൾ വിശദീകരിക്കാനും സാദ്ധ്യതയുണ്ടെന്നാണ് സർക്കാർ വൃത്തങ്ങൾ നൽകുന്ന സൂചന.
രാജ്യത്തെ പതിനാറ് രാഷ്ട്രീയപാർട്ടികളുടെ അദ്ധ്യക്ഷൻമാരെയാണ് ഇന്ന് നടക്കുന്ന സർവ്വകക്ഷിയോഗത്തിലേക്ക് പ്രധാനമന്ത്രി ക്ഷണിച്ചിരിക്കുന്നത്. പാർലമെന്റിൽ അഞ്ച് എം.പിമാരെങ്കിലുമുള്ള പാർട്ടികളേയും ദേശീയപാർട്ടി പദവിയുള്ള കക്ഷികളേയുമാണ് യോഗത്തിലേക്ക് വിളിച്ചിരിക്കുന്നത്. അതേസമയം ആം ആദ്‌മി പാർട്ടി, ആർ.ജെ.ഡി എന്നീ പാർട്ടികളെ യോഗത്തിലേക്ക് വിളിക്കാതിരുന്നത് പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.