ഒരുപാട് ചിരിയും ചിന്തയും ബാക്കിവച്ച് പോയി
ഒരു പുഞ്ചിരിയിൽ ഒരു ജന്മത്തിന്റെ ഊർജ്ജം പകർന്ന് തന്നവൻ.നീ വിജയകരമായ ഒരു കരിയറിന്റെ ചവിട്ടുപടികൾ കയറുകയായിരുന്നു. സംവിധാനത്തിലും തിരക്കഥയിലും ഒരുപോലെ കഴിവ് തെളിയിച്ച പ്രതിഭ. ഡ്രൈവിംഗ് ലൈസൻസ്, അയ്യപ്പനും കോശിയും എന്നീ ചിത്രങ്ങളുടെ വിജയം ഞാനും സന്തോഷത്തോടെയും അഭിമാനത്തോടെയും നോക്കിക്കാണുകയായിരുന്നു. ഈ രണ്ട് സിനിമകളുടെയും പകർപ്പവകാശം എല്ലാ ഭാഷകളിലേക്കും വിറ്റുപോയി. എല്ലാ ഭാഷകളിലെയും നായക നടന്മാർ കഥാപാത്രങ്ങളാകാൻ കൊതിയോടെ നിന്നെ തേടി വന്നുകൊണ്ടിരുന്ന കാലം...
രാമലീലയിലാണ് നമ്മൾ ഒന്നിച്ചത്. സംവിധായകനായ അരുൺ ഗോപി എന്നോട് രാമലീലയുടെ കഥ വിശദമായി പറഞ്ഞുതന്നു. കഥാപരമായി എനിക്ക് ചില സംശയങ്ങളുണ്ടായത് എന്റെ മുഖഭാവത്തിലൂടെ അരുൺ മനസിലാക്കി. അങ്ങോട്ടും ഇങ്ങോട്ടും ഒരു ചോദ്യങ്ങളും ചോദിക്കാതെ ഞങ്ങൾ അന്ന് പിരിഞ്ഞു.
പിറ്റേന്ന് രാവിലെ സച്ചി വന്നു; രാമലീലയുടെ തിരക്കഥാകൃത്ത് .ആ മുഖത്ത് നിറഞ്ഞുനിന്ന ആത്മവിശ്വാസത്തിന്റെ സരളതയും പുഞ്ചിരിയും ഞാൻ കണ്ടു. രാമലീലയുടെ തിരക്കഥയുടെ ഷോട്ട് ബൈ ഷോട്ട് ഡയലോഗ് ഉൾപ്പെടെ അവർ എനിക്ക് വിവരിച്ച് തന്നു. ആ പ്രതിഭയുടെയുള്ളിലുള്ള നാടകക്കാരനും നടനും സംവിധായകനുമെല്ലാം ഒരുമിച്ച് തിളങ്ങിയ നിമിഷങ്ങളായിരുന്നു അത്. വായിച്ച് കഴിഞ്ഞ് സ്വതസിദ്ധമായ പുഞ്ചിരിയോടെ അവർ പറഞ്ഞു : 'ഇനി എന്തെങ്കിലും സംശയമുണ്ടെങ്കിൽ ആ സംശയം എനിക്കുമുണ്ട് ചേട്ടാ..." എനിക്ക് ചിരിയടക്കാൻ കഴിഞ്ഞില്ല. ഞങ്ങൾ രണ്ട് പേരും പൊട്ടിച്ചിരിച്ച് കൈ കൊടുത്തു. രാമലീലയുടെ വിജയം ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ടു. ഒരുപാട് ചിരിയും ചിന്തയും ബാക്കിവച്ച് എന്റെ അനുജൻ പോയി. വിങ്ങുന്ന മനസിൽ നിന്ന് ആ പ്രതിഭയ്ക്ക് ആദരാഞ്ജലികൾ.
- മുകേഷ്