kaumudy-news-headlines

1. പ്രവാസികളെ അതിഥി തൊഴിലാളികളായി കാണാന്‍ ആകില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍. അതിഥി തൊഴിലാളികള്‍ക്ക് ഉള്ള സംരക്ഷണവും സുപ്രീംകോടതി നിര്‍ദേശിച്ച ആനുകൂല്യങ്ങളും പ്രവാസികള്‍ക്ക് നല്‍കാന്‍ ആവില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കുന്നു. നോര്‍ക്ക പ്രിന്‍സിപ്പള്‍ സെക്രട്ടറി ഇറക്കിയ ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. അതിഥി തൊഴിലാളികള്‍ക്ക് സൗജന്യ യാത്രയും സൗജന്യ ക്വാറന്റീനും നല്‍കണം എന്നായിരുന്നു സുപ്രീംകോടതി നിര്‍ദേശം. സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പ്രവാസികളെ അതിഥി തൊഴിലാളികളായി കണക്കാക്കാന്‍ കഴിയുമോ എന്ന് പരിശോധിക്കാന്‍ ഹൈക്കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നു. ഇതിലാണ് പ്രവാസികളെ അതിഥി തൊഴിലാളികളായി കാണാന്‍ കഴിയില്ല എന്ന് വ്യക്തമാക്കി നോര്‍ക്ക സര്‍ക്കാരിന് വേണ്ടി ഉത്തരവ് പുറത്ത് ഇറക്കിയത്.


2. കണ്ണൂരിലെ സ്ഥിതി അതീവ ഗുരുതരം എന്ന് മന്ത്രി ഇ.പി ജയരാജന്‍. കൊവിഡ് ബാധിച്ച് മരിച്ച എക്‌സൈസ് ജീവനക്കാരന്റെ സമ്പര്‍ക്ക പട്ടിക വിപുലം ആണെന്നും മരണകാരണത്തെ കുറിച്ച് പ്രത്യേക അന്വേഷണം നടത്തും എന്നും ജയരാജന്‍ പറഞ്ഞു. കണ്ണൂരില്‍ ഇതുവരെ സമൂഹ വ്യാപനം ഉണ്ടായിട്ടില്ല. എന്നാല്‍ ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കേണ്ട സമയം ആണിത് എന്നും മന്ത്രി ഓര്‍മ്മപ്പെടുത്തി. രോഗവ്യാപനം തടയാന്‍ പ്രവാസികളുടെ പരിശോധന മാത്രമാണ് മാര്‍ഗ്ഗം. രാഷ്ട്രിയ മുതലെടുപ്പ് അല്ല വേണ്ടത് ജനങ്ങളേ രക്ഷിക്കാന്‍ ഉള്ള ഇടപെടല്‍ ആണ് ഉണ്ടാകേണ്ടത് എന്നും മന്ത്രി പറഞ്ഞു. മട്ടന്നൂരിലെ എക്‌സൈസ് ഡ്രൈവറായിരുന്ന കണ്ണൂര്‍ ബ്ലാത്തൂര്‍ സ്വദേശി സുനില്‍ കുമാര്‍ ഇന്നലെയാണ് കൊവിഡ് ബാധയെ തുടര്‍ന്ന് മരിച്ചത്. ഇയാളുടെ രോഗ ബാധയുടെ ഉറവിടം ഇതുവരെ വ്യക്തം ആയിട്ടില്ല.
3. ജമ്മുകശ്മീരില്‍ 2 ഓപ്പറേഷനുകളില്‍ ആയി 7 ഭീകരരെ സൈന്യം വധിച്ചു. ഷോപ്പിയാന്‍ സെക്ടറില്‍ നാല് ഭീകരരേയും അവന്തിപ്പൊരയില്‍ മൂന്ന് ഭീകരരേയും ആണ് മണിക്കൂറുകള്‍ നീണ്ട ഓപ്പറേഷനിലൂടെ സൈന്യം വധിച്ചത്. സേനയും പൊലീസും സംയുക്തമായാണ് ഓപ്പറേഷന്‍ നടത്തിയത്. ഇന്നലെ ഉച്ചയോടെ ഷോപ്പിയാനിലെ മുനന്ദ് മേഖലയില്‍ ഭീകരവാദികളുടെ സാന്നിദ്ധ്യം ഉണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് പൊലീസു കരസേനയും തിരച്ചില്‍ നടത്തുക ആയിരുന്നു. സുരക്ഷ സേനയ്ക്ക് നേരെ ഭീകരവാദികള്‍ വെടി ഉതിര്‍ത്തതോടെ ആണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്.
4. അതിര്‍ത്തിയിലെ സംഘര്‍ഷം ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ച സര്‍വകക്ഷി യോഗം ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് നടക്കും. വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി നടക്കുന്ന യോഗത്തില്‍ സോണിയ ഗാന്ധി, മമത ബാനര്‍ജി, ശരദ് പവാര്‍, നിതീഷ് കുമാര്‍, സീതാറാം യെച്ചൂരി, എം.കെ സ്റ്റാലിന്‍, ജഗന്‍മോഹന്‍ റെഡ്ഡി. ഡി.രാജ തുടങ്ങിയവര്‍ പങ്കെടുക്കും. തിങ്കളാഴ്ചത്തെ സംഘര്‍ഷത്തെ കുറിച്ചുള്ള കൂടുതല്‍ വിവരം സര്‍ക്കാര്‍ രാഷ്ട്രീയ പാര്‍ട്ടികളെ അറിയിക്കും. സേന ഉദ്യോഗസ്ഥര്‍ ഇക്കാര്യം വിശദീകരിക്കും. പ്രശ്നപരിഹാരത്തിന് നടക്കുന്ന ചര്‍ച്ചകളും വിശദീകരിക്കും. അതേസമയം, നയതന്ത്രതലത്തിലും ഇരുരാജ്യങ്ങളും ചര്‍ച്ച തുടരും എന്നാണ് വിവരം. ഇന്ത്യ ചൈന സൈനിക ചര്‍ച്ചകള്‍ ഇന്നും തുടരും. ഗല്‍വാന്‍ അതിര്‍ത്തിയില്‍ വെച്ചാണ് ഇരുസേനയുടെയും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തുക.
5. ഇന്നലത്തെ ചര്‍ച്ചയില്‍ നേരിയ പുരോഗതി ഉണ്ടായിരുന്നതിനെ തുടര്‍ന്നാണ് ഇന്ന് മേജര്‍ ജനറല്‍മാര്‍ വീണ്ടും കൂടിക്കാഴ്ച നടത്തുന്നത്. അതിര്‍ത്തിയിലെ തര്‍ക്ക മേഖലയില്‍ നിന്ന് ചൈന സൈന്യത്തെ പിന്‍വലിക്കണമെന്നും ടെന്റുകള്‍ മാറ്റണമെന്നുമാണ് ഇന്ത്യയുടെ ആവശ്യം. ചൈന സ്വന്തം അതിര്‍ത്തിയില്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ ഒതുക്കി നിര്‍ത്തുമെന്നാണ് ഇന്ത്യ പ്രതീക്ഷിക്കുന്നതെന്ന് സൈനിക വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു. സംഘര്‍ഷത്തില്‍ സൈനികരെ കാണാതായിട്ടില്ല എന്നും എന്നാല്‍ 76 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കി. പത്ത് ഇന്ത്യന്‍ സൈനികരെ ചൈന തടഞ്ഞ് വച്ചിരുന്നതായും സമ്മര്‍ദ്ദഫലമായി വിട്ടയച്ചെന്നും ഒരു ദേശീയ ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. എന്നാല്‍ സൈനിക വൃത്തങ്ങള്‍ വാര്‍ത്ത സ്ഥിരീകരിച്ചിട്ടില്ല.
6. രാജ്യസഭയിലെ 24 സീറ്റിലേക്കുള്ള വെട്ടെടുപ്പ് ആരംഭിച്ചു. തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലെ നിയമസഭകളിലെ അംഗബലം അനുസരിച്ച് പകുതിയോളം സീറ്റില്‍ ഭരണകക്ഷിയായ ബി.ജെ.പി സഖ്യത്തിന് വിജയ പ്രതീക്ഷയുണ്ട്.മാര്‍ച്ചില്‍ നടക്കേണ്ടി ഇരുന്ന തെരഞ്ഞെടുപ്പ് ലോക്ക് ഡൗണ്‍ പശ്ചാത്തലത്തില്‍ മാറ്റിവയ്ക്കുക ആയിരുന്നു. കോണ്‍ഗ്രസില്‍ നിന്നും കെ.സി. വേണുഗോപാല്‍, ദിഗ്വിജയ് സിംഗ് ബി.ജെ.പിയില്‍നിന്നും ജ്യോതിരാദിത്യ സിന്ധ്യ എന്നിവരാണ് തെരഞ്ഞെടുപ്പിലെ ശ്രദ്ധേയരായ സ്ഥാനാര്‍ത്ഥികള്‍. രാജസ്ഥാനില്‍ നിന്നാണ് വേണുഗോപാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. മുന്‍ പ്രധാനമന്ത്രി ദേവഗൗഡ കര്‍ണാടകയില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടു. ആന്ധ്രാപ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളില്‍ നിന്ന് നാല് വീതവും മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നും മൂന്ന് വീതം സീറ്റുകളിലേക്കും ആണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇതിനു പുറമെ, ജാര്‍ഖണ്ഡിലെ രണ്ട് സീറ്റുകളിലേക്കും മേഘാലയ, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളിലെ ഓരോ സീറ്റുകളിലും വോട്ടെടുപ്പ് ആരംഭിച്ചു.
7. ലോകത്ത് കൊവിഡ് മരണം നാലരലക്ഷം കടന്നു. ആകെ രോഗ ബാധിതരുടെ എണ്ണം 86 ലക്ഷത്തോട് അടുക്കുകയാണ്. അമേരിക്കയിലും ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലും ആണ് കൊവിഡ് ഏറ്റവും കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കുന്നത്. അമേരിക്കയില്‍ 1,20,000ല്‍ അധികം പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. പുതുതായി 691പേര്‍ വൈറസ് ബാധിച്ച് മരിച്ചു. അമേരിക്കയില്‍ 15 ലക്ഷത്തോളം പേര്‍ക്ക്കൂടി തൊഴില്‍ നഷ്ടമായതായും കൊവിഡിനെ തുടര്‍ന്ന് നാലരക്കോടിയോളം പേര്‍ക്ക് തൊഴില്‍ നഷ്ടം ആകുമെന്നും തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി. ബ്രസീലില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 47,000 കടന്നു. 1204പേരാണ് 24 മണിക്കൂറില്‍ ബ്രസീലില്‍ മരിച്ചത്. കാനഡയിലും ബംഗ്ലാദേശിലും കൊവിഡ് കേസുകള്‍ ഒരു ലക്ഷം പിന്നിട്ടു.
8. അതേസമയം പാക്കിസ്ഥാനിലും കൊവിഡ് കേസുകള്‍ വധിക്കുകയാണ്. ഇവിടെ കൊവിഡ് കേസുകള്‍ 1,60,000 കടന്നിരിക്കുകയാണ്. കൊവിഡ് ബാധിച്ച് 3,093പേരാണ് മരിച്ചത്. അതേസമയം ഈ വര്‍ഷം അവസാനത്തിന് മുന്‍പ് കൊവിഡിന് എതിരായ വാക്സിന്‍ വികസിപ്പിക്കാന്‍ സാധിച്ചേക്കുമെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. ലോകാരോഗ്യ സംഘടനയിലെ മുഖ്യ ശാസ്ത്രഞ്ജ ഡോ. സൌമ്യ സ്വാമിനാഥനാണ് ജനീവയില്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ ഇകാര്യം അറിയിച്ചത്. അതിനിടെ, മലേറിയയ്‌ക്കെതിരെ പ്രയോഗിക്കുന്ന ഹൈഡ്രോക്സി ക്ലോറോക്വിന്‍ കൊവിഡ് മരണം തടയും എന്നതിന് കൃത്യമായ ഒരു തെളിവും ഗവേഷണങ്ങളില്‍ നിന്നും ലഭിച്ചിട്ടില്ലെന്ന് ലോകാരോഗ്യ സംഘടനയിലെ മുഖ്യ ശാസ്ത്രഞ്ജ അറിയിച്ചു. അതിനാല്‍ തന്നെ കൊവിഡ് ചികിത്സയ്ക്കായ് ഈ മരുന്ന് ഉപയോഗിക്കുന്നത് ലോകാരോഗ്യ സംഘടന ഒഴിവാക്കി.