മിനിസ്‌ക്രീനിൽ ഏറെ പ്രേക്ഷകരെ സമ്പാദിച്ചിട്ടുള്ള റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. മലയാള ഭാഷയിൽ ബിഗ് ബോസ് രണ്ട് പ്രാവശ്യമാണ് എത്തിയിട്ടുള്ളത്. ഇതിൽ രണ്ടാം പതിപ്പ് കൊവിഡ് ഭീഷണി ഉയർന്നതിനെ തുടർന്ന് മത്സര വിജയിയെ കണ്ടെത്തുന്നതിന് മുൻപ് തന്നെ പായ്ക്കപ്പ് പറയേണ്ടി വന്നു. എന്നാൽ പ്രേക്ഷകരുടെ അഭിപ്രായത്തിൽ നാടകീയമായി പുറത്തായെങ്കിലും വിജയി രജിത് കുമാർ എന്ന തിരുവനന്തപുരം സ്വദേശിയായ കോളേജ് അദ്ധ്യാപകനായിരുന്നു എന്നാണ് ആരാധകരുടെ പക്ഷം. ആളുകളുടെ മനസിൽ വില്ലൻ പരിവേഷത്തിൽ നിന്നും നായകനായുള്ള സഞ്ചാരമായിരുന്നു രജിത് കുമാറിനെ സംബന്ധിച്ചിടത്തോളം ബിഗ്‌ബോസിലെ ആ ദിവസങ്ങൾ എന്ന് നിസംശയം പറയാം.
ബിഗ് ബോസിൽ എത്തിയതോടെ രജിത് കുമാറിന്റെ സ്വകാര്യ ജീവിതവും സമൂഹത്തിൽ ചർച്ചയായിരുന്നു. വിവാഹമോചിതനായ ഇദ്ദേഹത്തിന്റെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങളൊക്കെ നിരവധി വട്ടം രജിത് കുമാർ തന്നെ വെളിപ്പെടുത്തിയിട്ടുള്ളതുമാണ്. 2001 വിവാഹിതനായ ഇദ്ദേഹത്തിന്റെ ദാമ്പത്യ ജീവിതം സുഖകരമായിരുന്നില്ല, തുടർന്ന് വിവാഹബന്ധം വേർപിരിയലിലെത്തുകയായിരുന്നു. 'ഭാര്യ രണ്ടു വട്ടം അബോർഷനായി. എന്റെ രണ്ട് കുഞ്ഞുങ്ങളും മരിച്ചതോടെ ഇനി ഇങ്ങനെ പോയാൽ പറ്റില്ലെന്ന് തോന്നി അതുകഴിഞ്ഞ് ആ പെൺകുട്ടി വേറെ വിവാഹം കഴിച്ചു. അവൾക്ക് കുഞ്ഞായി. പക്ഷേ പ്രസവ സമയത്ത് അവൾ മരിച്ചു' വിവാഹമോചനത്തെ കുറിച്ച് രജിത് കുമാർ പറയുന്നത് ഇപ്രകാരമാണ്. എന്നാൽ ഭാര്യയെ ഞാനാണ് കൊന്നതെന്ന പഴി കേട്ടയായും അദ്ദേഹം പറയുന്നു.
എന്നാൽ ബിഗ് ബോസ് താരമായതിനു ശേഷം വീണ്ടും വിവാഹാലോചനകൾ ആലോചിക്കുന്നതായി രജിത് കുമാർ ഒരു വാരികയ്ക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നു. അതിന് ഒരു കാരണവും അദ്ദേഹം പങ്കുവയ്ക്കുന്നുണ്ട്. ഇപ്പോഴും ചിലർ എന്നെ സ്ത്രീ വിരുദ്ധൻ എന്ന് വിളിക്കുന്നുണ്ട്. അപ്പോൾ ഞാൻ വിചാരിച്ചു, ഒരു പെണ്ണ് കെട്ടിയാൽ ആ വിളി മാറിക്കിട്ടുമല്ലോ എന്ന്, അതു കൊണ്ട് കല്യാണം കഴിക്കാൻ ഞാൻ തയ്യാറാണ്.