pic

ദുബായ്: കൊവിഡുമായി ബന്ധപ്പെട്ട ലിങ്കുകൾ ഫോണിലോ ലാപ്‌ടോപിലോ തുറക്കരുതെന്ന് പൗരൻമാരോട് ആവശ്യപ്പെട്ട് യു.എ.ഇ പൊലീസ്. ബുധനാഴ്ച ജീവനക്കാർക്ക് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നല്‍കി. ഏതെങ്കിലും തരത്തിൽ അനാവശ്യമാണെന്ന് തോന്നുന്ന ലിങ്കുകൾ തുറക്കരുതെന്നാണ് നിർദേശം നല്‍കിയിരിക്കുന്നത്. കൊവിഡുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയാനുള്ള പൗരൻമാരുടെ താത്പര്യം മുതലെടുത്ത് ഹാക്കർമാർ സജീവമായിട്ടുണ്ടെന്ന് അജ്മാൻ പൊലീസ് പറഞ്ഞു. ഹാക്കിംഗുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ ലഭിച്ചിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി. പൗരൻമാരുടെ സ്വകാര്യ വിവരങ്ങൾ ചോർത്തി എടുക്കാൻ ഇത്തരത്തിലുള്ള ലിങ്കുകൾ ആണ് ഉപയോഗിക്കുന്നതെന്നും എല്ലാവരും ജാഗ്രത പാലിക്കണമെന്നും പൊലീസ് പറഞ്ഞു.

കൊവിഡുമായി ബന്ധപ്പെട്ട ചികിത്സയുടെ വിവരങ്ങൾ നല്‍കിയാണ് ലിങ്കുകൾ ഹാക്കർമാർ പ്രചരിപ്പിക്കുന്നത്. ഈ ലിങ്കുകൾ തുറന്നാൽ കമ്പ്യൂട്ടറുകളും സ്മാർട്ട് ഫോണുകളും ഹാക്ക് ചെയ്ത് വിവരങ്ങൾ ചോർത്താൻ സാധിക്കും. കൊവിഡ് വൈറസ് പ്രതിസന്ധി മുതലെടുത്ത് ഇത്തരത്തിലുള്ള തട്ടിപ്പുകൾ നടക്കുന്നുണ്ടെന്നും പൗരൻമാർ ശ്രദ്ധിക്കണമെന്നും പൊലീസ് നല്‍കിയ മുന്നറിയിപ്പിൽ പറയുന്നു. സംശയാസ്പദമായ ലിങ്കുകളോട് പ്രതികരിക്കരുത്.

വ്യക്തിഗത ഡാറ്റ, ഫോട്ടോകൾ, പാസ്വേഡുകൾ എന്നിവ മോഷ്ടിക്കാൻ ഹാക്കർമാർ ഉപയോഗിക്കുന്ന വ്യാജ ലിങ്കുകളെക്കുറിച്ച് കുടുംബാംഗങ്ങൾക്ക് അറിവുണ്ടെന്ന് ഉറപ്പാക്കണമെന്നും പൊലീസ് പറഞ്ഞു. സ്വകാര്യ വിവരങ്ങൾ ചോർത്തി സാമ്പത്തിക ചൂഷണം നടത്തുകയാണ് ഇവരുടെ പ്രധാന ലക്ഷ്യമെന്ന് അജ്മാൻ പൊലീസ് മുന്നറിയിപ്പ് നല്‍കി.