sushanth

ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുട്ടിന്റെ മരണത്തിൽ നടി റിയ ചക്രവർത്തിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. ഇരുവരും പ്രണയത്തിലായിരുന്നുവെന്ന് റിയ പൊലീസിനോട് പറഞ്ഞു. രണ്ടാം തവണയാണ് റിയയെ പൊലീസ് ചോദ്യം ചെയ്യുന്നത്.

അന്വേഷണത്തിനായി റിയ തന്റെ മൊബെെൽ ഫോൺ പൊലീസിന് കെെമാറി. റിയയും സുശാന്തും കെെമാറിയ സന്ദേശങ്ങളും ചിത്രങ്ങളും പൊലീസ് വിശദമായി പരിശോധിച്ചു. ബാന്ദ്രയിലെ പൊലീസ് സ്റ്റേഷനിൽ എത്തിയ റിയയെ ഒമ്പത് മണിക്കൂറാണ് പൊലീസ് ചോദ്യം ചെയ്തത്.

താനും സുശാന്തും മാസങ്ങളോളം ഒരുമിച്ച് താമസിച്ചു. നവംബറിൽ വിവാഹിതരാകാനും തീരുമാനിച്ചിരുന്നു. വിവാഹത്തിന് ശേഷം ഒരുമിച്ച് താമസിക്കാൻ പുതിയൊരു വീടുവാങ്ങാനും പദ്ധതിയിട്ടിരുന്നു. എന്നാൽ ലോക്ക് ഡൗണിനിടെ ഒരു വഴക്കുണ്ടാവുകയും താൻ സുശാന്തിന്റെ വീട് വിട്ട് പോകുകയും ചെയ്തു. എന്നാൽ അതിന് ശേഷവും ഫോണിൽ സംസാരിക്കാറുണ്ടായിരുന്നു. മരിക്കുന്നതിന്റെ അന്ന് പോലും സംസാരിച്ചിരുന്നുവെന്നും റിയ പൊലീസിന് മൊഴി നൽകി.

ഇരുവരും പ്രണയത്തിലായിരുന്നുവെന്ന് ​ഗോസിപ്പുകൾ വലിയ തോതിൽ പ്രചരിച്ചിരുന്നെങ്കിലും റിയയോ സുശാന്തോ ഇക്കാര്യത്തിൽ ഒൗദ്യോ​ഗിക സ്ഥിരീകരണം നൽകിയിരുന്നില്ല. കഴിഞ്ഞ വർഷം സുശാന്ത് കരാറിൽ ഏർപ്പെട്ട ഒമ്പതോളം ചിത്രങ്ങളാണ് മുടങ്ങിയത്. സിനിമകൾ മുടങ്ങിയത് സുശാന്തിനെ മാനസികമായി തളർത്തിയിരിക്കാമെന്നാണ് ബോളിവുഡ് വൃത്തങ്ങൾ നൽകുന്ന സൂചന.

സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് ബന്ധുക്കളും സുഹൃത്തുക്കളും ഉൾപ്പെടെ പത്തിലേറെ പേരുടെ മൊഴികളാണ് പൊലീസ് ഇതുവരെ രേഖപ്പെടുത്തിയത്.ഇക്കഴിഞ്ഞ ഞായറാഴ്ച്ച ബാന്ദ്രയിലുള്ള ഫ്ളാറ്റിലാണ് താരത്തെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുന്നത്. ഏറെ നാളായി വിഷാദത്തിലായിരുന്നു സുശാന്തെന്നും പറയപ്പെടുന്നു.