മുംബയ് : ഇന്ത്യൻ ക്രിക്കറ്റിന്റെ എല്ലാമെല്ലാമായിരുന്നെങ്കിലും നായകനായി തിളങ്ങാൻ കഴിയാതിരുന്നത് സച്ചിൻ ടെൻഡുൽക്കറുടെ കരിയറിലെ പേരുദോഷമാണ് . സ്വന്തം പ്രകടനത്തിൽ അതിയായി ശ്രദ്ധിച്ചിരുന്നതിനാലാണ് സച്ചിന് ക്യാപ്ടൻസി ഭാരമായി മാറിയതെന്ന് വിലയിരുത്തുകയാണ് മുൻ ഇന്ത്യൻ താരവും പരിശീലകനുമായിരുന്ന മദൻ ലാൽ. സച്ചിൻ ആദ്യമായി ഇന്ത്യൻ നായകനായ 1996 - 1997 സീസണിൽ ഇന്ത്യൻ കോച്ചായിരുന്നത് മദൻ ലാൽ ആയിരുന്നു.ഒരു സ്പോർട്സ് വെബ്സൈറ്റുമായുള്ള ലൈവ് ചാറ്റിലാണ് മദൻ ലാലിന്റെ അഭിപ്രായ പ്രകടനം.
ക്യാപ്ടനായി ഇന്ത്യയ്ക്ക് കൂടുതൽ വിജയങ്ങൾ സമ്മാനിക്കാൻ സച്ചിന് കഴിയാതെ പോയത്, ടീമിന്റെ കാര്യത്തിൽ വേണ്ടത്ര ശ്രദ്ധ ചെലുത്താൻ കഴിയാത്തതുകൊണ്ടാണ്. എന്നാൽ അതുകൊണ്ടു മാത്രം സച്ചിൻ ഒരു മോശം ക്യാപ്ടനായിരുന്നുവെന്ന് അർഥമില്ലെന്നും മദൻ ലാൽ ചൂണ്ടിക്കാട്ടി. തനിക്കു ലഭിക്കുന്ന ടീമിനോളം നല്ല ക്യാപ്ടനാകാനേ ഒരാൾക്കു കഴിയൂ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
‘സച്ചിൻ നല്ലൊരു ക്യാപ്ടനായിരുന്നില്ലെന്ന് പറഞ്ഞാൽ എനിക്ക് യോജിക്കാനാവില്ല. പക്ഷേ, സ്വന്തം പ്രകടനത്തിൽ അത്രമേൽ ശ്രദ്ധാലുവായിരുന്ന സച്ചിന്, ടീമിലെ മറ്റു താരങ്ങളുടെ കാര്യത്തിൽ വേണ്ടത്ര ശ്രദ്ധ ചെലുത്താൻ സാധിച്ചില്ലെന്നതാണ് സത്യം. ക്യാപ്ടനെന്ന നിലയിൽ ഒരാൾ സ്വന്തം പ്രകടനം മാത്രം ശ്രദ്ധിച്ചാൽ പോരല്ലോ. ടീമിലെ ബാക്കിയുള്ള 10 പേരിൽനിന്നും ഏറ്റവും മികച്ച പ്രകടനം ഉറപ്പാക്കാനും ശ്രമിക്കണം. ടീമിലെ മറ്റ് അംഗങ്ങളെ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നത് ഒരു ക്യാപ്ടനെ സംബന്ധിച്ച് സുപ്രധാനമാണ്’ – മദൻ ലാൽ ചൂണ്ടിക്കാട്ടി.
‘തന്റെ ടീമിനോളം നല്ല ക്യാപ്ടനാകാൻ മാത്രമേ ഒരാൾക്കു കഴിയൂ . തനിക്ക് ലഭിച്ച ടീമിന് മാർഗ നിർദ്ദേശങ്ങൾ നൽകാൻ മാത്രമേ ക്യാപ്ടനു പറ്റൂ. ഒരാൾ മികച്ച പ്രകടനം കാഴ്ചവച്ച് ആത്മവിശ്വാസം നൽകുമ്പോൾ, ക്യാപ്ടൻ ആ താരത്തിന് തുടർച്ചയായി അവസരങ്ങൾ നൽകും. കളിയേക്കുറിച്ച് താരങ്ങളോട് സംസാരിക്കാനും പദ്ധതികൾ തയാറാക്കാനും സച്ചിൻ ശ്രമിച്ചിരുന്നു’ – മദൻ ലാൽ പറഞ്ഞു.
ക്യാപ്ടനെന്ന നിലയിൽ സച്ചിന്റെ ഗുണങ്ങളെക്കുറിച്ചും മദൻ ലാൽ വാചാലനായി: ‘മത്സരത്തിന്റെ ഗതി കൃത്യമായി വായിച്ചെടുക്കാനും തന്റെ താരങ്ങളോട് എവിടെയാണ് പിഴവു പറ്റുന്നതെന്നും എങ്ങനെ ബൗൾ ചെയ്യണമെന്നുമൊക്കെ പറഞ്ഞു കൊടുക്കാനുള്ള മികവ് സച്ചിനുണ്ടായിരുന്നു. പക്ഷേ, സ്വന്തം കളിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ ബുദ്ധിമുട്ടുകൾ കൂടിവരുന്നത് സ്വാഭാവികമാണ്. അതിന് സച്ചിൻ നല്ലൊരു ക്യാപ്ടനായിരുന്നില്ല എന്ന് അർഥമില്ല’ – മദൻ ലാൽ പറഞ്ഞു.
ക്യാപ്ടൻ സച്ചിൻ
1996 മുതൽ 2000 വരെയുള്ള കാലഘട്ടത്തിൽ 25 ടെസ്റ്റുകളിൽ സച്ചിൻ ഇന്ത്യയെ നയിച്ചത്. ഇതിൽ ജയിക്കാനായത് നാലു മത്സരങ്ങളിൽ മാത്രം. ഒൻപതു മത്സരങ്ങൾ തോറ്റപ്പോൾ 12 ടെസ്റ്റുകൾ സമനിലയിൽ .
സച്ചിൻ നായകനായ 73 ഏകദിനങ്ങളിൽ ഇന്ത്യയ്ക്ക് ജയിക്കാനായത് 23 മത്സരങ്ങളിൽ മാത്രം. ഒരു മത്സരം ടൈയിലും ആറു മത്സരങ്ങൾ ഫലമില്ലാതെയും പോയപ്പോൾ 43 മത്സരങ്ങളിൽ ഇന്ത്യ തോറ്റു. വിജയശതമാനം 35 ശതമാനം മാത്രം.
ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസ് നായകനായിരുന്ന സച്ചിൻ കിരീടം നേടിക്കൊടുത്തില്ലങ്കിലും 55 മത്സരങ്ങളിൽ 32 തവണ വിജയത്തിലേക്കു നയിച്ചു