ലാലിഗയിൽ റയൽ മാഡ്രിഡിന് രണ്ടാംവരവിലെ രണ്ടാം ജയം
വലൻസിയയെ വീഴ്ത്തിയത് മറുപടി ഇല്ലാത്ത മൂന്നുഗോളുകൾക്ക്
കരിം ബെൻസേമയ്ക്ക് ഇരട്ടഗോൾ, ഒന്ന് അസൻഷ്യോ വക
മാഡ്രിഡ്: സ്പാനിഷ് ലാലിഗ കിരീടപ്പോരാട്ടത്തിൽ ബാഴ്സലോണയ്ക്ക് തൊട്ടുപിന്നിൽത്തന്നെ തങ്ങളുമുണ്ടെന്ന് പ്രഖ്യാപിച്ച് കൊവിഡാനന്തര കാലത്തേക്കുള്ള മടങ്ങി വരവ് ആഘോഷമാക്കി റയൽ മാഡ്രിഡ്. ലോക്ക്ഡൗണിന് ശേഷമുള്ള ലാ ലിഗയിലെ തങ്ങളുടെ രണ്ടാം മത്സരത്തിനിറങ്ങിയ റയൽ 3-0ത്തിന് വലൻസിയയെയാണ് തോൽപിച്ചത്.ആദ്യമത്സരത്തിൽ എയ്ബറിനെ 3-1ന് തോൽപ്പിച്ചിരുന്നു.
ആളൊഴിഞ്ഞ ആൽഫ്രെഡോ ഡി സ്റ്റിഫാനോ സ്റ്റേഡിയത്തിൽ രണ്ടാം പകുതിയിലാണ് മൂന്ന് ഗോളുകളും പിറന്നത്. രണ്ടുതവണ വലകുലുക്കിയ കരിം ബെൻസേമയാണ് റയലിന് വിജയമൊരുക്കിയത്. അവസാനഗോൾ മാർകോ അസൻഷ്യോയോയുടെ വകയായിരുന്നു. ഗോൾരഹിതമായ ആദ്യ പകുതിയിൽ വലൻസിയക്കായിരുന്നു മേൽക്കൈ. ആദ്യ പകുതിയിൽ റോഡ്രിഗോ മോറിനോ പന്ത് വലയിലാക്കിയെങ്കിലും വാർ പരിശോധനയിൽ നിർഭാഗ്യം കൊണ്ട് ഗോൾ നഷ്ടമായി.
ഇടവേളക്ക് ശേഷം ഉണർന്നു കളിച്ച റയൽ ഉജ്വല ജയം നേടി ബാഴ്സയുമായുള്ള പോയിൻറ് വ്യത്യാസം രണ്ടാക്കി കുറച്ചു. 61, 86 മിനിട്ടുകളിലായിരുന്നു ബെൻസേമയുടെ സുന്ദരൻ ഗോളുകൾ. ആദ്യ ഗോളിന് വഴിയൊരുക്കിയത് ബെൽജിയൻ സൂപ്പർ താരം ഏദൻ ഹസാഡാണ്. പരിക്ക് കാരണം ഒരു വർഷത്തോളം കളത്തിന് പുറത്തായിരുന്ന അസൻഷ്യയോ 74ാം മിനിട്ടിൽ ഗോളടിച്ച് മടങ്ങി വരവ് അവിസ്മരണീയമാക്കുകയായിരുന്നു.കളത്തിലിറങ്ങി വെറും 31 സെക്കൻഡിനകം പന്തിലെ ആദ്യ സ്പർശം തന്നെ ഗോളാക്കുകയായിരുന്നു അസൻഷ്യോ. ബെൻസേമയുടെ രണ്ടാം ഗോളിന് വഴിയൊരുക്കിയതും ഇൗ 24കാരനാണ്. മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ ലീ കാംഗ് ഇൻ ചുവപ്പ് കാർഡ് കണ്ട് പുറത്തായത് വലൻസിയക്ക് മറ്റൊരു തിരിച്ചടിയായി.
ലാ ലിഗയിൽ 29 മത്സരങ്ങളിൽ നിന്നും 62 പോയിൻറുമായി റയൽ രണ്ടാം സ്ഥാനത്താണ്. 64 പോയിൻറുമായി നിലവിലെ ജേതാക്കളായ ബാഴ്സലോണയാണ് ഒന്നാമത്. കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ ബാഴ്സലോണ മയ്യോർക്കയെ മലർത്തിയടിച്ച് കളിക്കളത്തിലേക്ക് മടങ്ങിവന്നിരുന്നു. 43 പോയിൻറുമായി വലൻസിയ എട്ടാമതാണ്.
243
റയൽ മാഡ്രിഡിന് വേണ്ടി 243 ഗോളുകൾ തികച്ച ബെൻസേമ ക്ലബിന്റെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരുടെ പട്ടികയിൽ അഞ്ചാം സ്ഥാനത്തെത്തി. ഇതിഹാസ താരം ഫെറങ്ക് പുഷ്കാസിനെയാണ് ബെൻസേമ പിന്തള്ളിയത്.
ലാലിഗ ഇന്നത്തെ മത്സരങ്ങൾ
എസ്‌പാന്യോൾ Vs ലെവാന്റെ (വൈകിട്ട് 5.30 മുതൽ) അത്‌ലറ്റിക് ക്ളബ് Vs റയൽ ബെറ്റിസ് (രാത്രി 10.30 മുതൽ) ഗെറ്റാഫെ Vs എയ്ബർ (രാത്രി 11 മണിമുതൽ) സ്റ്റാർ സ്പോർട്സിൽ ലൈവ് പോയിന്റ് പട്ടിക (ക്ളബ്, കളി, പോയിന്റ് ക്രമത്തിൽ) ബാഴ്സലോണ 29 - 64 റയൽ മാഡ്രിഡ് 29 - 62 സെവിയ്യ 29 - 51 അത്‌ലറ്റിക്കോ മാഡ്രിഡ് 29 - 49 ഗെറ്റാഫെ 29 - 47