ജനീവ: ഈ വർഷം അവസാനത്തിന് മുമ്പ് കൊവിഡിനെതിരായ വാക്സിൻ വികസിപ്പിക്കാനായേക്കുമെന്ന് ലോകാരോഗ്യ സംഘടന.സംഘടനയിലെ മുഖ്യ ശാസ്ത്രഞ്ജ ഡോ.സൗമ്യ സ്വാമിനാഥനാണ് ജനീവയിൽ നടന്ന വാർത്ത സമ്മേളനത്തിൽ ഇക്കാര്യം വ്യക്തമാക്കിയത്.
അതേസമയം മലേറിയയ്ക്കെതിരെ പ്രയോഗിക്കുന്ന ഹൈഡ്രോക്ലോറോക്വിൻ കൊവിഡ് മരണം തടയും എന്നതിന് കൃത്യമായ ഒരു തെളിവും ഗവേഷണങ്ങളിൽ നിന്നും ലഭിച്ചിട്ടില്ലെന്ന് സൗമ്യ സ്വാമിനാഥൻ പറഞ്ഞു.
പത്തോളം വാക്സിനുകൾ മനുഷ്യനിൽ പ്രയോഗിക്കാവുന്ന വിധത്തിൽ തയ്യാറാണ്. ഇതിൽ മൂന്ന് വാക്സിൻ എങ്കിലും പ്രവർത്തനക്ഷമത അളക്കുന്ന മൂന്നാംഘട്ടത്തിൽ എത്തുമെന്നാണ് പ്രതീക്ഷ. ഇതിൽ പ്രതീക്ഷയും ശുഭാപ്തി വിശ്വാസവും ഉണ്ട്. എന്നാൽ വാക്സിൻ ഉണ്ടാക്കുക എന്നത് വളരെ സങ്കീർണമായ ഒരു പ്രക്രിയയാണ്. അതിൽ പല അസ്ഥിരമായ പ്രശ്നങ്ങളും ഉണ്ട്. എന്നാൽ ഏറ്റവും നല്ല കാര്യം നമുക്ക് ഇപ്പോൾ വാക്സിനായി മാറാൻ സാദ്ധ്യതയുള്ള ഏറെ കണ്ടുപിടുത്തങ്ങൾ പലമേഖലകളിലായി നടന്നു കഴിഞ്ഞു - അവർ കൂട്ടിച്ചേർത്തു.