ന്യൂഡൽഹി: ചൈനീസ് അതിർത്തിയിൽ അപ്രതീക്ഷിതനീക്കങ്ങളുമായി ഇന്ത്യൻ വ്യോമ സേന. യുദ്ധവിമാനങ്ങൾ യഥാർഥ നിയന്ത്രണരേഖയ്ക്ക് സമീപം വ്യോമസേന വിന്യസിച്ചു. വ്യോമസേന മേധാവി ആർ.കെ.എസ്. ഭധുരിയ രണ്ടുദിവസത്തെ അടിയന്തര സന്ദർശനത്തിനായി ലഡാക്കിലെത്തി. ലേ, ശ്രീനഗർ വ്യോമ താവളങ്ങൾ അദ്ദേഹം സന്ദർശിക്കും. കിഴക്കൻ ലഡാക്ക് മേഖലയിൽ എന്തെങ്കിലും ഓപ്പറേഷനുകൾ നടത്തണമെങ്കിൽ ഈ വ്യോമകേന്ദ്രങ്ങൾ കേന്ദ്രീകരിച്ചായിരിക്കും അവ നടപ്പിലാക്കുക.
യുദ്ധസമാന സാഹചര്യങ്ങളിലെ പടയൊരുക്കമാണ് അതിർത്തി താവളങ്ങളിൽ ഇന്ത്യ നടത്തുന്നത്. ഗൽവാനിൽ കഴിഞ്ഞ ദിവസം നടത്തിയതു പോലുള്ള അപ്രതീക്ഷിത ആക്രമണങ്ങൾ ചൈനയുടെ ഭാഗത്തു നിന്ന് ഇനിയും ഉണ്ടായേക്കാമെന്നും അതീവ ജാഗ്രത പാലിക്കാനുമാണ് അതിർത്തിയിലെ കമാൻഡർമാർക്കുള്ള സേനാ നേതൃത്വത്തിന്റെ നിർദേശം.സ്ഥിതിഗതികൾ പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ച വൈകുന്നേരത്തെ സർവകക്ഷി യോഗത്തിൽ ചർച്ച ചെയ്യും.
അതേസമയം ഇന്ത്യയുടെ പത്ത് സൈനികർ ചൈനയുടെ പിടിയിലുണ്ടെന്ന പ്രചാരണം കരസേന തള്ളി. ആരെയും കാണാതായിട്ടില്ലെന്ന് വിദേശകാര്യ വക്താവ് അനുരാഗ് ശ്രീവാസ്തവയും വ്യക്തമാക്കി. ചൈനീസ് ആക്രമണത്തിൽ 76 ഇന്ത്യൻ സൈനികർക്ക് പരുക്കേറ്റു. ഇവർ ലേയിലുള്ള സേനാ ആശുപത്രിയിൽ ചികിത്സയിലാണ്.