പാരിസ് : നമ്മളൊക്കെ രാവിലെ കോഴിയുടെ കൂവൽ കേട്ട് ഉണരുന്നവരാണ്. എന്നാൽ ഈ കോഴിയുടെ കൂവൽ തങ്ങൾക്ക് ശല്യമാകുന്നുവെന്ന് ചൂണ്ടിക്കാട്ടി ആരെങ്കിലും കോടതിയെ സമീപിച്ചിട്ടുണ്ടോ? അങ്ങനെ ഒന്ന് സംഭവിച്ചിരുന്നു. കഴിഞ്ഞ വർഷം, അങ്ങ് ഫ്രാൻസിൽ. പുലർച്ചെ നിറുത്താതെ കൂവുന്ന ഒരു കോഴിയ്ക്കെതിരെയുള്ള പരാതി ഫ്രഞ്ച് കോടതിയിൽ വരെ എത്തി. ജനകീയ പ്രതിഷേധങ്ങൾക്ക് വരെ വഴിതെളിച്ചു. അപൂർവങ്ങളിൽ അപൂവമായ ഈ സംഭവത്തിലെ ' ശല്യക്കാരനായ പൂവൻ കോഴി 'മൗറിസ്' തന്റെ ആറാം വയസിൽ ലോകത്തോട് വിട പറഞ്ഞിരിക്കുകയാണ്. സൂര്യനുദിച്ചുവെന്ന് എല്ലാവരെയും അറിയിച്ചു കൊണ്ടുള്ള മൗറിസിന്റെ ആ കൂവൽ ഇനി കേൾക്കാനാകില്ല.
കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് ഫ്രാൻസിലെ ഐൽ ഒഫ് ഒലേറോണിൽ അയൽവീട്ടിൽ വളർത്തിയിരുന്ന മൗറിസ് എന്ന പൂവൻ കോഴിയ്ക്കെതിരെ ഒരു വൃദ്ധ ദമ്പതികൾ പരാതി നൽകിയത്. സദാസമയവും കൂവുന്ന മൗറിസിന്റെ ശബ്ദം കാരണം തങ്ങൾക്ക് സ്വൈര്യമില്ലെന്നായിരുന്നു ഇവരുടെ ആരോപണം. ഒലേറോണിൽ തങ്ങളുടെ വസതിയിൽ അവധിക്കാലം ചെലവഴിക്കാനെത്തിയതായിരുന്നു ഈ വൃദ്ധ ദമ്പതികൾ. മൗറിസിന്റെ കൂവൽ ' ശബ്ദ മലിനീകരണത്തിന് ' വരെ കാരണമാകുന്നുവെന്ന വിചിത്ര വാദവും ഇവർ മുന്നോട്ട് വച്ചു.
കേൾക്കുന്നവർക്ക് തമാശയാണെങ്കിലും കോടതി ഏതായാലും കേസ് പരിഗണിക്കുക തന്നെ ചെയ്തു. ഗ്രാമീണാന്തരീക്ഷമുള്ള ഒലേറോണിൽ കോഴി കൂവുന്നതൊക്കെ സാധാരണയാണ്. നഗര പ്രദേശത്ത് നിന്നും അവധിക്കാലം ചെലവഴിക്കാനെത്തിയ ദമ്പതികൾക്ക് ഇതൊന്നും മനസിലാകില്ല എന്ന തരത്തിൽ പ്രദേശവാസികൾ ഉൾപ്പെടെ മൗറിസിനായി കോടതിയിൽ എത്തിയിരുന്നു. മൗറിസ് ഉൾപ്പെടെയുള്ള ജീവി സമൂഹത്തിന്റെ അവകാശങ്ങൾ സംരക്ഷിക്കാനായും സുരക്ഷയ്ക്കായും പതിനായിരക്കണക്കിന് പേർ ഒപ്പിട്ട പരാതിയും കോടതിയുടെ മുന്നിലെത്തി. മറ്റൊരു രസകരമായ കാര്യം ഫ്രാൻസിന്റെ ദേശീയ ചിഹ്നങ്ങളിൽ ഒന്ന് ഒരു ഗാലിക് പൂവൻ കോഴിയായിരുന്നു.
ഒടുവിൽ കോടതി പ്രശ്നം പരിഹരിച്ചു. കോഴി കൂവുകയല്ലാതെ പിന്നെന്ത് ചെയ്യണമെന്നും കൂവൽ നിറുത്താൻ നമുക്ക് ഒന്നും ചെയ്യാനാകില്ലെന്നുമായിരുന്നു കോടതിയുടെ മറുപടി. മാത്രമല്ല, പ്രകൃതിയിലെ സ്വാഭാവിക ശബ്ദങ്ങളോ ചലനങ്ങളോ ഇല്ലാതാക്കാൻ മനുഷ്യർക്ക് യാതൊരു അവകാശമില്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. അങ്ങനെ കേസിൽ മൗറിസ് പുഷ്പം പോലെ വിജയിച്ചെന്ന് മാത്രമല്ല, ഫ്രാൻസ് ഒട്ടാകെ മൗറിസ് ഒരു സ്റ്റാർ ആയി മാറുകയും ചെയ്തു.
മേയ് മാസത്തിലാണ് മൗറിസ് ചത്തതെങ്കിലും ഉടമകൾ ഇപ്പോഴാണ് ആ വിയോഗ വാർത്ത പുറത്തുവിടുന്നത്. മൗറിസ് വിടപറഞ്ഞ ദുഃഖം മറികടക്കാൻ ഉടമയായ കോറിൻ ഫെസ്യു പുതിയ ഒരു പൂവൻ കോഴിയെ വാങ്ങിയിട്ടുണ്ട്. ഈ കോഴിയ്ക്കും മൗറിസ് എന്ന് തന്നെയാണ് പേരിട്ടിരിക്കുന്നത്. എന്നാൽ മൗറിസിനെ പോലെ മറ്റൊരു കോഴിയെ ഇനി ലഭിക്കില്ലെന്നും, മൗറിസിന്റെ കൂവലിന്റെ അത്ര ഗാംഭീര്യം പുതിയ കോഴിയ്ക്ക് പോലുമില്ലെന്നും ഫെസ്യു പറഞ്ഞു. കോറിൻ ഫെസ്യുവും കുടുംബവും 35 വർഷത്തിലേറെയായി ഐൽ ഒഫ് ഒലേറോണിലാണ് താമസം.