jean-kennedy

ന്യൂയോർക്ക്: മുൻ അമേരിക്കൻ പ്രസിഡന്റ് ജോൺ എഫ്.കെന്നഡിയുടെ സഹോദരിയും അയർലൻഡിലെ മുൻ അംബാസഡറുമായ ജീൻ കെന്നഡി സ്മിത്ത് (92) മാൻഹട്ടനിലെ സ്വവസതിയിൽ അന്തരിച്ചു. ജോസഫ് പി, റോസ് കെന്നഡി ദമ്പതികളുടെ ഒൻപത് മക്കളിൽ എട്ടാമത്തെയാളാണ് ജീൻ സ്മിത്ത്. കെന്നഡി കുടുംബത്തിന്റെ സാമ്പത്തിക ഉപദേഷ്ടാവായിരുന്ന സ്റ്റീഫൻ എഡ്വേർഡ് സ്മിത്തിനെയാണ് ജീൻ വിവാഹം കഴിച്ചത്. 2016 ൽ പ്രസിദ്ധീകരിച്ച "ദി നയൻ ഒഫ് അസ് " കുട്ടിക്കാലത്തെക്കുറിച്ചുള്ള ജീനിന്റെ ഓർമ്മകളാണ്.

ബിൽ ക്ലിന്റൺ 1990കളിലാണ് ജീനിനെ അയർലണ്ടിലെ അംബാസഡറായി നിയമിച്ചത്. അംബാസഡർ എന്ന നിലയിൽ വടക്കൻ അയർലൻഡ് സമാധാന പ്രക്രിയയിൽ അവർ മുഖ്യ പങ്കുവഹിച്ചു. 1998ൽ സ്ഥാനമൊഴിഞ്ഞപ്പോൾ, "രാജ്യത്തിന് വിശിഷ്ടമായ സേവനത്തിന്" ഐറിഷ് പൗരത്വം ലഭിച്ചു. മരുമകൾ കരോലിൻ കെന്നഡി ഒബാമയുടെ ഭരണകാലത്ത് ജപ്പാനിലെ അംബാസഡറായി സേവനമനുഷ്ഠിച്ചിരുന്നു.

ജീനിന്റെ മൂത്ത സഹോദരൻ ജോസഫ് കെന്നഡി ജൂനിയർ രണ്ടാം ലോക മഹായുദ്ധത്തിൽ കൊല്ലപ്പെട്ടു. കാത്‌ലീൻ "കിക്ക് കെന്നഡി, 1948 ലെ വിമാനാപകടത്തിൽ മരിച്ചു. ജോൺ എഫ്. കെന്നഡി 1963 ൽ കൊല്ലപ്പെട്ടു, 1968 ൽ സെൻ റോബർട്ട് എഫ്. കെന്നഡിയും മരിച്ചു. കെന്നഡി സഹോദരങ്ങളിൽ ഏറ്റവും ഇളയവനായ സെൻ. എഡ്വേർഡ് കെന്നഡി 2009 ഓഗസ്റ്റിൽ മസ്തിഷ്ക അർബുദം ബാധിച്ച് മരിച്ചു , അതേ മാസം തന്നെ സഹോദരി യൂനിസ് കെന്നഡി ശ്രീവർറൂം മരിച്ചു.