vaccination

അപകടകരമായ നിരവധി രോഗങ്ങളെ ചെറുക്കാൻ പ്രതിരോധ വാക്സിനുകൾ സഹായിക്കും. കുഞ്ഞുങ്ങൾക്ക് യഥാസമയം പ്രതിരോധ വാക്സിനെടുക്കാൻ മാതാപിതാക്കൾ യാതൊരു കാരണവശാലും ഉപേക്ഷ വരുത്തരുത്. എന്നാൽ ഏന്തെങ്കിലും കാരണവശാൽ വാക്സിനെടുക്കാൻ മറന്നാൽ ഡോക്ടറുടെ ഉപദേശം തേടാനും മറക്കരുത്.

ബി.സി.ജി

ക്ഷയരോഗത്തിനെതിരെയുള്ള പ്രതിരോധ വാക്സിനാണിത്. ഇടത്തേ കൈയുടെ മുകളിലാണ് ഈ വാക്സിൻ എടുക്കുന്നത്. ഒന്നരമാസത്തിനുള്ളില്‍ മരുന്ന്‌ കുത്തിയ ഭാഗത്ത്‌ ചെറിയ തടിപ്പ്‌ കാണാറുണ്ട്. ഏകദേശം മൂന്നു-നാല്‌ മാസം കഴിയുമ്പോള്‍ ഇത് മാഞ്ഞ്‌ പോകാം. കുത്തിവയ്‌പ് കഴിഞ്ഞ്‌ രണ്ട്‌ മാസമായിട്ടും കുത്തിവച്ച ഭാഗത്ത്‌ തടിപ്പോ വീക്കമോ ഉണ്ടാകുന്നില്ലെങ്കില്‍ വിവരം ഡോക്‌ടറോട്‌ പറയേണ്ടത് അനിവാര്യമാണ്.

ഡി.പി.റ്റി ( ട്രിപ്പിള്‍ ആന്റിജൻ)

ഡിഫ്‌ത്തീരിയ, വില്ലന്‍ചുമ, കുതിരസന്നി എന്നീ മാരകരോഗങ്ങളെ ചെറുക്കാനാണ്‌ ട്രിപ്പിള്‍ ആന്റിജന്‍ എടുക്കുന്നത്‌. കുത്തിവയ്‌പ് കഴിഞ്ഞ്‌ പനി, കുത്തിവച്ച ഭാഗത്ത്‌ വേദന, നീര്‌, അസ്വസ്‌ഥത എന്നിവയുണ്ടാകാം. ഇത് രണ്ട് ദിവസത്തിനുള്ളില്‍ മാറിപ്പോകും.

പോളിയോ വാക്‌സിന്‍

പോളിയോമൈലൈറ്റിസ്‌ വരാതിരിക്കാനാണിത്‌ നല്‍കുന്നത്‌.ഇത്‌ തുള്ളിമരുന്നായി വായിലൊഴിച്ചാണ്‌ നൽകുക. പാര്‍ശ്വഫലങ്ങളോ ഒന്നുമില്ല. അഞ്ച്‌ ഡോസുകളായാണ്‌ ഇത്‌ നല്‍കി വരുന്നത്.

മീസില്‍സ്‌ വാക്‌സിന്‍

മണ്ണന്‍പനിയെ പ്രതിരോധിക്കാനാണിത്. കടുത്ത മണ്ണന്‍പനി ഉണ്ടാകുന്ന കുട്ടികള്‍ക്ക്‌ ന്യുമോണിയ, ഹൃദ്രോഗം, മെനിഞ്ചൈറ്റിസ്‌ എന്നീ രോഗങ്ങളുണ്ടാവാൻ സാദ്ധ്യത ഏറെയാണ്. ആറ്‌ മാസത്തിനും ഒന്‍പത്‌ മാസത്തിനും ഇടയ്‌ക്കാണിത്‌ നല്‍കേണ്ടത്‌. തുടര്‍ന്ന്‌ നല്‍കുന്ന എം.എം.ആര്‍. വാക്‌സിനും ഈ രോഗം പ്രതിരോധിക്കും. മീസില്‍സ്‌ വാക്‌സിനും പാർശ്വഫലങ്ങളില്ല.

എം.എം.ആര്‍. വാക്‌സിന്‍

മണ്ണന്‍പനി, മുണ്ടിനീര്‌, ജര്‍മന്‍ മീസില്‍സ്‌ (റൂബല്ല) എന്നീ രോഗങ്ങള്‍ വരാതിരിക്കാനാണിത്. ഇത് പെണ്‍കുട്ടികള്‍ക്ക്‌ നിർബന്ധമായും എടുക്കേണ്ട വാക്സിനാണ്. ഗര്‍ഭാവസ്‌ഥയിലെ ആദ്യത്തെ നാല്‌ മാസത്തിനിടയിൽ ജര്‍മന്‍ മീസില്‍സ്‌ വന്നാല്‍ ഗര്‍ഭശിശുവിന് ജന്മനായുള്ള വൈകല്യങ്ങള്‍ സംഭവിക്കാം.

ഹിബ്‌ വാക്‌സിന്‍

ഗുരുതരമായ ന്യുമോണിയ, മെനിഞ്ചൈറ്റിസ്‌ എന്നിവ വരാതിരിക്കാനാണ്‌ ഹിബ്‌ വാക്‌സിനെടുക്കുന്നത്‌. അഞ്ചുവയസില്‍ താഴെയുള്ള കുട്ടികള്‍ക്ക്‌ വരാവുന്ന ഏറ്റവും മാരകമായ രോഗബാധയാണിത്‌. ഒരു മാസം ഇടവിട്ട്‌ മൂന്ന്‌ ഡോസുകളിലാണിത്‌ നല്‍കുന്നത്‌. ട്രിപ്പിള്‍ ആന്റിജനോടൊപ്പം ഇത്‌ നല്‍കാം.

ഹെപ്പറ്റൈറ്റിസ്‌- ബി വാക്‌സിന്‍

ഹെപ്പറ്റൈറ്റിസ്‌ -ബി വൈറസ്‌ ഉണ്ടാക്കുന്ന മഞ്ഞപ്പിത്തം തടയാനാണ്‌ ഈ വാക്‌സിനെടുക്കുന്നത്‌. ജനനം കഴിഞ്ഞ്‌ അധികം വെെകാതെ ബി.സി.ജി.യോടും പോളിയോയോടും ഒപ്പം ആദ്യഡോസ്‌ നല്‍കണം. ഒരു മാസം കഴിഞ്ഞ്‌ രണ്ടാമത്തെ ഡോസും ആറാം മാസത്തില്‍ മൂന്നാം ഡോസും നല്‍കണം.

ചിക്കന്‍ പോക്‌സ് വാക്‌സിന്‍

ഒരു വയസിനു മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്കാണ് ചിക്കന്‍പോക്‌സിനെ പ്രതിരോധിക്കാൻ ഈ വാക്സിൻ എടുക്കുന്നത്. പതിനഞ്ചാം മാസത്തില്‍ നല്‍കുന്ന എം.എം.ആര്‍. മീസില്‍സ്‌, മംപ്‌സ്, റൂബെല്ലാ വാക്‌സിനോടൊപ്പം ചിക്കന്‍പോക്‌സ് വാക്‌സിനും നൽകാം.

ടൈഫോയിഡ്‌ വാക്‌സിന്‍

രണ്ടു മുതല്‍ മൂന്നുവയസുവരെ പ്രായമുള്ള കുട്ടികള്‍ക്ക്‌ നല്‍കുന്ന ഒറ്റ ഡോസ്‌ വാക്‌സിനാണ്‌ ടൈഫോയിഡ്‌ വാക്‌സിന്‍. ഒരു ഡോസിന്‌ മൂന്നു വര്‍ഷത്തേക്കുള്ള രോഗപ്രതിരോധശക്‌തിയുണ്ട്‌.