donald-trump

വാഷിംഗ്ടൺ: രേഖകളില്ലാതെ ചെറുപ്രായത്തിൽതന്നെ കുടിയേറി വന്നവർക്ക് നാടുകടത്തൽ ഭയമില്ലാതെ അമേരിക്കയിൽ താമസിക്കാനും ജോലി ചെയ്യാനുമുള്ള നിയമം റദ്ദാക്കാനുള്ള ട്രംപിന്റെ നീക്കം യു.എസ് സുപ്രീം കോടതി തള്ളി. ഡോക്ടർമാർ ഉൾപ്പെടെ 6,​52,800 ൽ അധികം ആളുകൾ ഇതുമായി ബന്ധപ്പെട്ടുള്ള തീരുമാനത്തിനായി കാത്തിരിക്കുകയായിരുന്നു. ഡാക്ക എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന 'Deferred Action for Childhood Arrivals' ഒബാമയുടെ കാലത്താണ് നടപ്പാക്കാൻ തുടങ്ങിയത്.

അമേരിക്കയിൽ നിയമപരമായ ഇമിഗ്രേഷൻ പദവിയില്ലാതെ വളർന്ന 'ഡ്രീമേഴ്‌സ്' എന്നറിയപ്പെടുന്ന ചെറുപ്പക്കാർക്ക് അമേരിക്കയിൽ താമസിക്കാനും ജോലിചെയ്യാനും അവസരമൊരുക്കുന്ന രണ്ട് വർഷത്തെ കാലാവധിയുള്ള ഒരു പ്രോഗ്രാമാണ് ഡാക്ക. രണ്ടു വർഷം കൂടുമ്പോൾ പുതുക്കേണ്ട ഈ സംവിധാനം പൗരത്വത്തിലേക്കുള്ള മാർഗമല്ല. പ്രോഗ്രാം അവസാനിപ്പിക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ തീരുമാനം ഏകപക്ഷീയമാണെന്ന് ചീഫ് ജസ്റ്റിസ് ജോൺ റോബർട്ട്സ് അടകമുള്ള 5 അംഗ ബഞ്ചിലെ 4 ജഡ്ജിമാരും അഭിപ്രായപ്പെട്ടു.

ഡ്രീമേഴ്സിനെ പിന്തുണയ്ക്കുന്ന നിരവധി അമേരിക്കൻ പൗരന്മാർ ഉണ്ട്. ട്രംപ് അനുകൂലികളിൽ ഭൂരിപക്ഷവും പോലും ഗ്രൂപ്പിനെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെടുന്നവരാണ്. അതേസമയം, 'റിപ്പബ്ലിക്കൻ അല്ലെങ്കിൽ കൺസർവേറ്റീവുകൾ എന്ന് സ്വയം അഭിമാനിക്കുന്ന ആളുകളുടെ മുഖത്തേക്കേറ്റ അടിയാണ് സുപ്രീം കോടതിയിൽ നിന്ന് പുറത്തുവരുന്ന ഭയാനകവും രാഷ്ട്രീയപരവുമായ ആരോപണങ്ങൾ' എന്നാണ് ട്രംപ് വിധിയോട് പ്രതികരിച്ച് ട്വീറ്റ് ചെയ്തത്.