ന്യൂഡൽഹി: രാജ്യസഭാ തിരഞ്ഞെടുപ്പ് നടന്ന മണിപ്പൂരിൽ രണ്ട് വോട്ട് റദ്ദാക്കണമെന്ന ആവശ്യവുമായി കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. വോട്ടു രേഖപ്പെടുത്തിയ ശേഷം ഇരുവരും ബാലറ്റുകൾ പരസ്പരം കാണിച്ചതാണ് കമ്മീഷനെ സമീപിക്കാൻ കോൺഗ്രസിനെ പ്രേരിപ്പിച്ചത്. നിയമസഭാ സ്‌പീക്കറുടെയും ഒരു കോൺഗ്രസ് എം.എൽ.എയുടെയും വോട്ടുകൾ റദ്ദാക്കണമെന്നാണ് കോൺഗ്രസ് കമ്മീഷന് മുന്നിൽ ആവശ്യം ഉന്നയിച്ചിരിക്കുന്നത്.
അട്ടിമറി ഭീഷണി നിലനിൽക്കുന്ന മണിപ്പൂരിൽ റിസോർട്ടിൽ നിന്നെത്തിയാണ് കോൺഗ്രസിന്റെയും ബിജെപിയുടെയും എംഎൽഎമാർ വോട്ട് ചെയ്തത്. ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള സഖ്യസർക്കാരാണ് മണിപ്പൂർ ഭരിക്കുന്നത്. ഭരണപക്ഷത്ത് നിന്ന് ഒമ്പത് എം.എൽ.എമാർ രാജിവച്ചിരുന്നു. ബുധനാഴ്ച മൂന്ന് ബി.ജെ.പി എം.എൽ.എമാർ കോൺഗ്രസിൽ ചേർന്നിട്ടുണ്ട്. ഒരു സ്വതന്ത്രനുൾപ്പടെ നാല് എം.എൽ.എമാർ സർക്കാരിന് നൽകിയ പിന്തുണ പിൻവലിക്കുകയും ചെയ്തു. ഈ പശ്ചാത്തലത്തിൽ സർക്കാരിനെ അവിശ്വാസത്തിലൂടെ താഴെയിറക്കാനുള്ള ശ്രമത്തിലാണ് പ്രതിപക്ഷമായ കോൺഗ്രസ്.ഒരു രാജ്യസഭാ സീറ്റിലേക്കാണ് മണിപ്പൂരിൽ തിരഞ്ഞെടുപ്പ് നടന്നത്.