terrorists-killed

ശ്രീനഗർ: തെക്കൻ കാശ്‌മീരിൽ രണ്ടിടത്തായി നടന്ന സൈനിക ഓപ്പറേഷനുകളിൽ എട്ട് ഭീകരരെ വധിച്ചു. ഇതിൽ രണ്ടുപേർ പാംപോറയിലെ മുസ്ളിം പള്ളിയിൽ ഒളിച്ചിരിക്കുകയായിരുന്നു.

കാശ്‌മീരിലെ പാംപോർ മീജ് മേഖലയിലും ഷോപ്പിയാനിലെ ബന്ദ്പാവയിലുമാണ് ഏറ്റുമുട്ടൽ നടന്നത്. ഷോപിയാനിൽ അഞ്ച് ഭീകരരും പാംപോറിൽ മൂന്ന് ഭീകരരും കൊല്ലപ്പെട്ടു. വ്യാഴാഴ്ച രാവിലെയാണ് ഷോപിയാൻ, പാംപോറെ മേഖലകളിൽ ഭീകര വിരുദ്ധ സൈനിക നീക്കം ആരംഭിച്ചത്. മേഖലകളിൽ ഭീകരസാന്നിദ്ധ്യമുണ്ടെന്ന രഹസ്യാന്വേഷണ റിപ്പോർട്ടിനെ തുടർന്നായിരുന്നു നീക്കം. പാംപോറിൽ വ്യാഴാഴ്ച നടന്ന സൈനിക നീക്കത്തിൽ ഒരു ഭീകരൻ വെടിയേറ്റ് കൊല്ലപ്പെട്ടപ്പോൾ, മറ്റ് രണ്ട് പേർ മുസ്ളിം പള്ളിയിൽ കടന്ന് ഒളിച്ചിരുന്നു. വെള്ളിയാഴ്ച രാവിലെ സൈന്യം തന്ത്രപരമായി കണ്ണീർവാതകം പ്രയോഗിച്ച് ഇവരെ പുറത്ത് ചാടിച്ചു. പിന്നീട് നടന്ന വെടിവയ്‌പിലാണ് ഇവർ കൊല്ലപ്പെടുന്നത്. പള്ളിക്ക് അകത്ത് സ്‌ഫോടകവസ്തുക്കളോ തോക്കുകളോ ഉപയോഗിച്ചിരുന്നില്ലെന്ന് കാശ്‌മീർ പൊലീസ് അറിയിച്ചു. പള്ളിയിൽ അനിഷ്ടസംഭവങ്ങളൊന്നുമുണ്ടാകാതെ കൃത്യതയോടെ കാര്യങ്ങൾ നടത്തിയതിന് മസ്ജിദ് കമ്മിറ്റിക്കാർ ജില്ലാ പൊലീസ് തലവനെയും സൈന്യത്തെയും സി.ആർ.പി.എഫിനെയും നന്ദി അറിയിച്ചതായും പൊലീസ് മാദ്ധ്യമങ്ങളോട് പറഞ്ഞു. കാശ്‌മീരിൽ കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഇരുപതിലധികം ഭീകരരെ സൈന്യം വധിച്ചതായാണ് റിപ്പോർട്ട്. കഴിഞ്ഞ ഒരു വർഷത്തിനിടെ ഭീകരസംഘടനാ തലവൻമാരുൾപ്പെടെ 102 പേർ കാശ്മീരിൽ കൊല്ലപ്പെട്ടു. കൊവിഡ് വ്യാപന ഭീതി തുടങ്ങിയ മാർച്ച് 20 മുതൽ ഇന്നലെ വരെ 72 ഭീകരരെ സേന വധിച്ചു.