ആംസ്റ്റർഡാം: കഴിഞ്ഞ മാർച്ച് അവസാനമാണ് വിഖ്യാത ചിത്രകാരൻ വിൻസെന്റ് വാൻഗോഗിന്റെ ' ദ പാഴ്സനേജ് ഗാർഡൻ അറ്റ് ന്യൂനെൻ ഇൻ സ്പിംഗ്' എന്ന പെയിന്റിംഗ് മോഷണം പോയത്. കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ അടഞ്ഞു കിടന്നിരുന്ന, നെതർലൻഡിന്റെ തലസ്ഥാനമായ ആംസ്‌റ്റർഡാമിലെ ' ദ സിംഗർ ലാറെൻ ' മ്യൂസിയത്തിൽ നിന്നാണ് ഏകദേശം 6 ദശലക്ഷം യൂറോ വരെ വിലമതിയ്ക്കുന്ന മനോഹരമായ പെയിന്റിംഗുമായി കള്ളൻമാർ കടന്നത്.
മാർച്ച് 30ന് വാൻഗോഗിന്റെ 167ാം ജന്മദിനത്തിന്റെ തൊട്ടടുത്ത ദിവസമായിരുന്നു മോഷണം. അമൂല്യമായ ഈ വാൻഗോഗ് പെയിന്റിംഗ് കണ്ടെത്താനായി പ്രത്യേക ഡിറ്റക്ടീവുമാർ അശാന്ത പരിശ്രമത്തിലാണ്. മോഷ്ടാക്കൾ പെയിന്റിംഗ് നശിപ്പിക്കുമോ എന്ന ആശങ്കയുമുണ്ട്. എന്നാൽ വാൻഗോഗ് ചിത്രത്തിന് മോഷ്ടാക്കൾ കേടുപാട് വരുത്തിയിട്ടില്ല എന്ന് സൂചന നൽകുന്ന ചിത്രങ്ങൾ പുറത്തുവരുന്നു. മോഷ്ടിക്കപ്പെട്ട പെയിന്റിംഗിന്റേതെന്ന് കരുതുന്ന രണ്ട് ഫോട്ടോകൾ അന്വേഷണ സംഘത്തിലെ ആർട്ട് ഡിറ്റക്ടീവായ ആർതർ ബ്രാൻഡിന് ലഭിച്ചിരിക്കുകയാണ്. കലാലോകത്തിന്റെ ' ഇന്ത്യാന ജോൺസ് ' എന്നാണ് ലോകത്തെ ഏറ്റവും മികച്ച ആർട്ട് ഡിറ്റക്ടീവുകളിൽ ഒരാളായ ആർതർ ബ്രാൻഡ് അറിയപ്പെടുന്നത്.
വാൻഗോഗ് ചിത്രം ഇപ്പോഴും മോഷ്ടാക്കൾ നശിപ്പിച്ചിട്ടില്ല എന്നതിന് തെളിവാണെന്ന് പറഞ്ഞ ബ്രാൻഡ് തനിക്ക് പെയിന്റിംഗിന്റെ ഫോട്ടോകൾ എവിടെ നിന്നാണ് ലഭിച്ചത് എന്ന് വെളിപ്പെടുത്തിയിട്ടില്ല. വില്ക്കാനുള്ള ബുദ്ധിമുട്ട് കാരണം പെയിന്റിംഗ് മോഷ്ടാക്കൾ നശിപ്പിക്കാനുള്ള സാദ്ധ്യത കൂടുതലാണ്. പെയിന്റിംഗിന്റെ പിൻഭാഗത്തിന്റെ ചിത്രമാണ് ഒരു ഫോട്ടോയിൽ. ഇത് ദ പാഴ്സനേജ് ഗാർഡൻ അറ്റ് ന്യൂനെൻ ഇൻ സ്പിംഗിന്റേതെന്ന് തന്നെയെന്ന് വ്യക്തമാക്കുന്നുണ്ട്. ഒരു ഫോട്ടോയിൽ പെയിന്റിംഗിനൊപ്പം മോഷണത്തെ പറ്റി വാർത്തയുള്ള ന്യൂയോർക്ക് ടൈംസ് ദിനപത്രവും ഒരു പുസ്തകവും കാണാം.
2002ൽ ആംസ്റ്റർഡാമിലെ വാൻഗോഗ് മ്യൂസിയത്തിൽ നിന്നും 2 പെയിന്റിംഗുകൾ മോഷ്ടിച്ച ഒരു ഡച്ചുകാരനെ പറ്റിയുള്ളതാണ്. ഈ മോഷണം ഇയാളുടെ മേൽ കെട്ടിവയ്ക്കാനുള്ള ശ്രമമാകാം ഇത് അർത്ഥമാക്കുന്നതെന്നും മാർച്ചിൽ മോഷണം നടക്കുന്ന സമയം ഇയാൾ ആശുപത്രിയിൽ ആയിരുന്നുവെന്നും ബ്രാൻഡ് പറയുന്നു. വാൻഗോഗ് 1884ലാണ് ദ പാഴ്സനേജ് ഗാർഡൻ അറ്റ് ന്യൂനെൻ ഇൻ സ്പിംഗ് വരച്ചതെന്ന് കരുതപ്പെടുന്നു. വാൻഗോഗ് തന്റെ പിതാവിനൊപ്പം താമസിക്കവെ വരച്ച ചിത്രങ്ങളിലൊന്നാണിത്. 1990ന് ശേഷം ഇത് മൂന്നാം തവണയാണ് വാൻഗോഗിന്റെ പെയിന്റിംഗ് മോഷ്‌ടിക്കപ്പെടുന്നത്. വാൻഗോഗ് 1882ൽ വരച്ച ' വ്യൂ ഒഫ് ദ സീ അറ്റ് ഷെവെനിൻഗൻ' , 1884ൽ വരച്ച ' കാൺഗ്രഗേഷൻ ലീവിംഗ് ദ റീഫോർമ്ഡ് ചർച്ച് അറ്റ് ന്യൂനൻ' എന്നിവയാണ് 2002ൽ ആംസ്റ്റർഡാമിലെ വാൻഗോഗ് മ്യൂസിയത്തിൽ നിന്നും മോഷണം പോയത്. 2016ൽ നേപ്പിൾസിലെ ഒരു മയക്കുമരുന്ന് മാഫിയയുടെ വീട്ടിൽ നിന്നും ഇവ കണ്ടെത്തി.