sachmo

കോശി കുര്യൻ എന്ന വിരമിച്ച പട്ടാളക്കാരനായി പൃഥ്വിരാജും, സബ് ഇൻസ്പെക്ടർ അയ്യപ്പൻ നായരായി ബിജുമേനോനും തകർത്തഭിനയിച്ച മാസ് സിനിമയായ 'അയ്യപ്പനും കോശിയും' 2020ലെ ബോക്സ് ഓഫീസ് ഹിറ്റായിരുന്നു. ആറ് കോടി രൂപ മുതൽ മുടക്കിൽ നിർമ്മിച്ച ചിത്രം 60 കോടി രൂപയുടെ വൻ കളക്ഷനാണ് നേടിയത്. ചിത്രത്തിന്റെ തിരക്കഥയെഴുതുന്ന സമയത്ത് സച്ചിയുടെ മനസ്സിൽ മുണ്ടൂർ മാടനായി തോന്നിയത് മോഹൻലാലിന്റെ രൂപമാണെന്ന് പറയുകയാണ് അവസാന കാലത്ത് സച്ചി നൽകിയ ഒരു അഭിമുഖത്തിലൂടെ. എന്നാൽ സിനിമയാക്കുമ്പോൾ അത് ലാലിന്റെ വലിയ താരമൂല്യത്തിന് മുന്നിൽ തടസ്സമാകുമെന്ന് മനസ്സിലാക്കി.

ചിത്രത്തിൽ വേഷം ചെയ്ത ബിജുമേനോൻ മനോഹരമായാണ് ആ കഥാപാത്രത്തെ അവതരിപ്പിച്ചത്. അയ്യപ്പൻനായരെ ബിജുമേനോൻ ഗംഭീരമാക്കിയെന്നും സച്ചി പറയുന്നു. മോഹൻലാലിനുവേണ്ടി മറ്റൊരു നല്ല കഥാപാത്രത്തിനുള്ള ആശയങ്ങൾ അദ്ദേഹം മനസ്സിൽ കണ്ടിരുന്നു എന്നാൽ അത് തിരക്കഥയായി പകർത്താൻ സച്ചിക്ക് ആയില്ല അതിനുമുൻപ് അതിവേഗത്തിലായി പോയി അദ്ദേഹത്തിന്റെ ദേഹവിയോഗം. 'അയ്യപ്പനും കോശിയും' സിനിമയുടെ റീമേക്കിന് തമിഴിലും ഹിന്ദിയിലും കരാറായതാണ്. തമിഴിൽ നിർമ്മാതാവ് കതിരേശനും ഹിന്ദിയിൽ നടൻ ജോൺ എബ്രഹാമുമാണ് റീമേക് അവകാശം വാങ്ങിയത്. കമ്പനിക്ക് നടന്മാരെ തീരുമാനിക്കാമെങ്കിലും തമിഴിൽ കോശിയായി കാർത്തിയും അയ്യപ്പൻ നായരായി നടൻ പാർത്ഥിപനെയുമാണ് സച്ചി മനസ്സിൽ ആഗ്രഹിച്ചിരുന്നത്. ഹിന്ദിയിൽ ജോൺ എബ്രഹാമും അഭിഷേക് ബച്ചനും. മോഹൻലാലുമൊന്നിച്ചുള‌ള പ്രൊജക്ട് നടക്കാത്തത് പോലെ തന്റെ ഹിറ്റ് ചിത്രത്തിന്റെ തമിഴ്,ഹിന്ദി റീമേക്കുകൾ കാണാൻ ഭാഗ്യം ലഭിക്കാതെയാണ് സച്ചി കാലയവനികക്കുള്ളിലേക്ക് മടങ്ങിയത്. ഇനിയുമേറെ അഭിനയ മുഹൂർത്തങ്ങളെ തന്റെ മനസ്സിലടക്കിയിട്ട്.