വിശേഷ അവസരങ്ങളിൽ വളരെ വേഗം തയ്യാറാക്കാൻ കഴിയുന്ന വ്യത്യസ്ഥമായൊരു മഹാരാഷ്രൻ വിഭവമാണ് സാബുദാന കിച്ചടി. രുചികരവും പോഷകസമ്പുഷ്ടവുമായ ഒരു വിഭവമാണിത്. സ്വാദിഷ്ടമായ സാബുദാന കിച്ചടി തയ്യാറാക്കുന്ന വിധം നോക്കിയാലോ?
ആവശ്യമുള്ള ചേരുവകൾ
ചൗവ്വരി - ഒരു കപ്പ്
വെള്ളം - ഒരു കപ്പ്
എണ്ണ - ഒരു ടേബിള്‍ സ്പൂണ്‍
ജീരകം - ഒരു ടീ സ്പൂണ്‍
പച്ചമുളക് - ഒരു ടീസ്പൂണ്‍
കറിവേപ്പില -10 എണ്ണം
വേവിച്ച ഉരുളക്കിഴങ്ങ് - 2 എണ്ണം
നിലക്കടല -3/4 കപ്പ്
പഞ്ചസാര - 3 ടീസ്പൂണ്‍
നാരങ്ങ നീര് - 1 നാരങ്ങ
ഉപ്പ് - പാകത്തിന്
മല്ലിയില, വറുത്ത നിലക്കടല (അലങ്കരിക്കുന്നതിന്)
പാകം ചെയ്യുന്ന വിധം
ചൗവ്വരി ഒരു പാത്രത്തില്‍ എടുത്ത് പശ പോകുന്നത് വരെ നന്നായി കഴുകിയ ശേഷം ഒരു കപ്പ് വെള്ളത്തില്‍ കുതിര്‍ത്ത് വയ്ക്കുക. എട്ട് മണിക്കൂറിന് ശേഷം അധികമുള്ള വെള്ളം കളഞ്ഞ്, ഇതിലേയ്ക്ക് പഞ്ചസാര പൊടിച്ചത്, വറുത്ത് പൊടിച്ച നിലക്കടല എന്നിവ ചേര്‍ക്കുക. ഇതിലേക്ക് നാരങ്ങ നീര് ചേർത്ത് നന്നായി യോജിപ്പിക്കുക. ഒരു പാൻ ചൂടാക്കി വെളിച്ചെണ്ണ ഒഴിച്ച്, ഇതിലേക്ക് ജീരകവും വേവിച്ച ഉരുളക്കിഴങ്ങ് കഷ്ണങ്ങളും ഇട്ട് രണ്ട് മിനുട്ട് നേരം വഴറ്റുക ശേഷം പച്ചമുളകും, കറിവേപ്പിലയും ചേര്‍ക്കുക. ഇതിലേക്ക് സാബുദാന (ചൗവരി) മിശ്രിതം ചേര്‍ക്കുക. പാകത്തിന് ഉപ്പ് ചേര്‍ത്ത് നന്നായി ഇളക്കുക. ഇത് അടച്ച് വെച്ച് എട്ട് മിനുട്ട് നേരം വേവിക്കുക. വിളമ്പുന്നതിന് മുമ്പ് മല്ലിയിലയും വറുത്ത നിലക്കടലയും ചേർത്ത് അലങ്കരിക്കാം.