ന്യൂഡൽഹി:ഗാൽവൻ താഴ്വരയിലെ ചൈനയുടെ പൈശാചികതയ്ക്ക് പിന്നാലെ, കിഴക്കൻ ലഡാക്കിൽ ഇന്ത്യ പോർ വിമാനങ്ങൾ ഉൾപ്പെടെ വിന്യസിച്ച് സൈനിക സന്നാഹം ശക്തമാക്കുന്നു. പതിനായിരത്തോളം സൈനികരെയും മറ്റും ചൈന വിന്യസിച്ചതിന് മറുപടിയായാണിത്.
നിരവധി പോർ വിമാനങ്ങളും ട്രാൻസ്പോർട്ട് വിമാനങ്ങളും ആക്രമണ ഹെലികോപ്റ്ററുകളും ഇന്ത്യ മുൻനിരയിലെ താവളങ്ങളിലേക്കും എയർ സ്ട്രിപ്പുകളിലേക്കും മാറ്റിയിട്ടുണ്ട്. കരസേനയെയും വൻതോതിൽ വിന്യസിച്ചു. രഹസ്യ ദൗത്യവുമായി 17ന് ലഡാക്കിലെത്തിയ വ്യോമസേനാ മേധാവി ആർ. കെ. എസ് ബദൗരിയ, ലേയിലെയും ശ്രീനഗറിലെയും വ്യോമത്താവളങ്ങൾ സന്ദർശിച്ചു. കിഴക്കൻ ലഡാക്കിന് ഏറ്റവും അടുത്തുള്ള വ്യോമത്താവളങ്ങളാണിവ. ദുർഘടമായ പർവ്വത മേഖലയിൽ പോർ വിമാനങ്ങളുടെ ദൗത്യത്തിന് ഏറ്റവും അനുയോജ്യവും. ഭൂമിശാസ്ത്രപരമായി ഇവിടെ ചൈനയേക്കാൾ മേൽക്കോയ്മ ഇന്ത്യയ്ക്കാണ്.
ജൂൺ 15ന് ഇന്ത്യൻ സൈനികരെ ക്രൂരമായി കൊലപ്പെടുത്തിയ ആക്രമണത്തിന് മുമ്പും ,ശേഷവുമായാണ് ചൈന മേഖലയിൽ പതിനായിരത്തോളം ഭടന്മാരെ വിന്യസിച്ചത് വൻതോതിൽ യന്ത്ര സാമഗ്രികളും എത്തിച്ചിട്ടുണ്ട്.
ഇന്ത്യ വിന്യസിച്ച
പോർ വിമാനങ്ങൾ
സുഖോയ് എം. കെ 1, മിറാഷ്, ജാഗ്വാർ. സംഘർഷ മേഖലകളിലേക്ക് അതിവേഗമെത്താൻ കഴിയുന്ന സ്ഥാനങ്ങളിലാണിത്. കിഴക്കൻ ലഡാക്കിൽ ഇന്ത്യൻ കരസേനയ്ക്ക് വ്യോമ പിന്തുണ നൽകാൻ അമേരിക്കൻ അപ്പാച്ചെ ആക്രമണ ഹെലികോപ്റ്ററുകൾ. ഗാൽവൻ താഴ്വരയിലും സംഘർഷ പ്രദേശങ്ങളിലും സൈനികരെ എത്തിക്കാൻ ലേ വ്യോമത്താവളത്തിലും പരിസരങ്ങളിലും നിരവധി ചിനൂക്ക് ഹെലികോപ്റ്ററുകൾ. സൈനികരെയും സാമഗ്രികളും എത്തിക്കാൻ എം. ഐ 17 വി 5 ഹെലികോപ്റ്ററുകൾ .
ഇന്ത്യയുടെ മുൻനിര
താവളങ്ങൾ
ലഡാക്കിനും ടിബറ്റ് മേഖലയ്ക്കും ചുറ്റിലുമായി ഇന്ത്യയ്ക്ക് നിരവധി വ്യോമത്താവളങ്ങൾ. ചൈനീസ് അതിർത്തിയോട് ചേർന്ന് പോർ വിമാനങ്ങളും ട്രാൻസ്പോർട്ട് വിമാനങ്ങളും പെട്ടെന്ന് ഇറക്കാൻ കഴിയുന്ന അഡ്വാൻസ്ഡ് ലാൻഡിംഗ് താവളങ്ങളാണിവ. ലേയിലെ ദൗളത്ത് ബേഗ് ഓൾഡി ലോകത്തെ ഏറ്റവും ഉയരത്തിലുള്ള ( 16,700 അടി ) എയർ സ്ട്രിപ്പാണ്.
അവന്തിപൂർ, ബറേലി, ആദംപൂർ, ഹൽവാര ( ലുധിയാന ), അംബാല, സിർസ എന്നിവയാണ് മറ്റ് വ്യോമത്താവളങ്ങൾ. പെട്ടെന്നുള്ള വ്യോമ ഓപ്പറേഷനിൽ ഇന്ത്യയ്ക്ക് ഇവ ചൈനയേക്കാൾ മുൻതൂക്കം നൽകും. ചൈനയ്ക്ക് ലഡാക്കിന് സമീപം 14,000 അടി ഉയരത്തിലുള്ള ഹോതാൻ, ഗാർ ഗുൻസ എന്നിവിടങ്ങളിൽ നിന്ന് പോർവിമാനങ്ങൾ ഓപ്പറേറ്റ് ചെയ്യണം. യഥാർത്ഥ നിയന്ത്രണ രേഖയിൽ അടുത്തിടെ വൻ തോതിൽ ചൈനീസ് സൈനികരെത്തിയിരുന്നു. ചൈനീസ് കോപ്റ്ററുകൾ ലഡാക്കിലെ ഇന്ത്യൻ വ്യോമാതിർത്തി ലംഘിക്കാനും ശ്രമിച്ചിരുന്നു. അത് ശ്രദ്ധയിൽപ്പെട്ടയുടൻ, ഇന്ത്യ എസ്. യു 30 പോർവിമാനങ്ങൾ വിന്യസിച്ചു.
ഗാൽവൻ
പാലം റെഡി
കിഴക്കൻ ലഡാക്കിൽ ഗാൽവൻ നദിക്ക് മീതെ 60 മീറ്റർ നീളമുള്ള തന്ത്രപ്രധാനമായ പാലത്തിന്റെ നിർമ്മാണം വ്യാഴാഴ്ച ഇന്ത്യൻ ആർമി എൻജിനിയർമാർ പൂർത്തിയാക്കി. ഇതോടെ, സംഘർഷമേഖലകളിൽ ഇന്ത്യൻ സൈന്യത്തിന് എളുപ്പം എത്താനാകും. ഈ പാലം നിർമ്മിക്കുന്നതിൽ ചൈനയ്ക്ക് കടുത്ത എതിർപ്പുണ്ടായിരുന്നു. ഷ്യോക് , ഗാൽവൻ നദികൾ സംഗമിക്കുന്നിടത്ത് നിന്ന് മൂന്ന്കിലോമീറ്റർ അകലെയാണ് പാലം. അവിടെ നിന്ന് രണ്ട് കിലോമീറ്റർ അകലെയാണ് തിങ്കളാഴ്ച ആക്രമണം നടന്ന പട്രോളിംഗ് പോയിന്റ് 14.
ആകാശക്കരുത്ത്
സുഖോയ് 30 എം.കെ.ഐ
റഷ്യൻ ടെക്നോളജിയിൽ നിർമിച്ച സുഖോയ് 30 പോർവിമാനം
കുടിയ വേഗത: മണിക്കൂറിൽ 2500 കി.മീ
8 ടൺ ആയുധം വഹിക്കാം
രാജ്യത്തുവികസിപ്പിച്ച ബ്രഹ്മോസ് മിസൈലും ഘടിപ്പിച്ച് പരീക്ഷണം നടത്തി.
മിറാഷ് -2000
ഫ്രഞ്ച് യുദ്ധവിമാനനിർമാണക്കമ്പനിയായ ദസൊ നിർമിച്ച ഒറ്റ എൻജിൻ പോർവിമാനം. ബാലാക്കോട്ട് ഭീകരകേന്ദ്രങ്ങൾ തകർക്കാൻ ഇന്ത്യ ഉപയോഗിച്ചു.
ലേസർനിയന്ത്രിത ബോംബുകൾ വഹിക്കും.
കുടിയ വേഗത: മണിക്കൂറിൽ 2336 കി.മീ
വായുവിൽനിന്ന് വായുവിലേക്കും വായുവിൽനിന്ന് ഭൂമിയിലേക്കും മിസൈലുകൾ തൊടുക്കാം.
:6.3 ടൺ ഭാരമുള്ള ആയുധങ്ങൾ വഹിക്കാം
ജാഗ്വർ
ബ്രിട്ടനും ഫ്രാൻസും ചേർന്ന് വികസിപ്പിച്ച യുദ്ധവിമാനം. ആണവമിസൈലുകൾ, ലേസർ ബോംബുകൾ, ന്യൂക്ലിയർ ക്രൂസ് മിസൈൽ എന്നിവ ഉപയോഗിക്കാം.
മണിക്കൂറിൽ 1350 കിലോമീറ്ററാണ് വേഗം.
30 എം.എം. തോക്കുകൾ, ആർ 550 മാജിക് എയർ ടു എയർ മിസൈൽ എന്നിവ വഹിക്കും
അപ്പാഷെ
ലോകത്തിലെ ഏറ്റവും മികച്ച മൾട്ടി റോൾ ഹെവി അറ്റാക്ക് ഹെലികോപ്റ്ററാണ് അമേരിക്കൻ നിർമ്മിതമായ അപ്പാഷെ .
നൂറിലധികം ചലിക്കുന്ന ലക്ഷ്യങ്ങളെ ഒരേസമയം ട്രാക്കുചെയ്യാനും അതിൽ 16 എണ്ണത്തിനെ വരെ ഒരേ സമയം ആക്രമിക്കാനും ശേഷി
പതിനാറു ഹെൽഫയർ ടാങ്ക് വേധ മിസൈലോ 76 റോക്കറ്റുകളോ വഹിക്കാം.
പരമാവധി വേഗം മണിക്കൂറിൽ 279 കിലോമീറ്റർ.
ചിനൂക്ക്
ലോകത്ത് നിലവിലുള്ള ഏറ്റവും കരുത്തുറ്റ ലിഫ്റ്റ് ഹെലികോപ്റ്ററുകളിലൊന്ന്. യു.എസ് നിർമ്മിതം
വാഹനങ്ങൾക്കെത്താൻ കഴിയാത്ത ഇടങ്ങളിൽ ഭാരമേറിയ യന്ത്രങ്ങൾ, ആയുധങ്ങൾ എന്നിവ എത്തിക്കാനാവും.
9.6 ടൺ സാമഗ്രികൾ വഹിക്കാൻ ശേഷി
ഭാരം: 11148 കിലോ
പരമാവധി വേഗം മണിക്കൂറിൽ 315 കി,മീ