ria

മുംബയ്: നടൻ സുശാന്ത് സിംഗ് രാജ്പുതിന്റെ ആത്മഹത്യയുടെ കാരണം അന്വേഷിക്കുന്ന പൊലീസ്, ദീർഘനാളായി സുശാന്തിന്റെ അടുത്ത സുഹൃത്തും നടിയുമായി റിയ ചക്രവർത്തിയെ 9 മണിക്കൂർ ചോദ്യം ചെയ്തു. കഴിഞ്ഞദിവസം രാവിലെ 11.30 ന് പൊലീസ് സ്റ്റേഷനിലെത്തിയ റിയ, രാത്രി വൈകിയാണ് വീട്ടിലേക്ക് മടങ്ങിയത്.

ലോക്ക്ഡൗൺ പ്രഖ്യാപിച്ചതു മുതൽ സുശാന്തിനൊപ്പം ഫ്ളാറ്റിലാണ് താമസിച്ചിരുന്നതെന്നും വഴക്കിട്ടതിനെ തുടർന്നാണ് ഫ്ളാറ്റ് വിട്ടതെന്നും റിയ പൊലീസിനോട് വെളിപ്പെടുത്തിയതായി ടൈംസ് ഒഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. ഇരുവരും വഴക്കിടാനുണ്ടായ കാരണത്തെപ്പറ്റിയും റിയ പൊലീസിനോട് തുറന്നു പറഞ്ഞു. 2020 അവസാനത്തോടെ വിവാഹം കഴിക്കാൻ ഇരുവരും തീരുമാനിച്ചിരുന്നെന്നും താമസിക്കാനായി വീടു വാങ്ങാൻ ആലോചിച്ചിരുന്നതായും റിയ വ്യക്തമാക്കി.

വഴക്കിട്ട് ഫ്ളാറ്റ് വിട്ടതിന് ശേഷവും റിയ, സുശാന്തുമായി ഫോണിൽ സംസാരിച്ചിരുന്നു. ശനിയാഴ്ച രാത്രി ഉറങ്ങും മുമ്പും സുശാന്ത് അവസാനമായി വിളിച്ചത് റിയയെയാണ്. പിറ്റേന്ന് രാവിലെ സുശാന്തിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തുകയായിരുന്നു.

റിയയുടെ ഫോണിലെ സന്ദേശങ്ങളും ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും മറ്റും പൊലീസ് ശേഖരിച്ചു.

വിഷാദരോഗത്തിന് സുശാന്ത് ചികിത്സ തേടിയിരുന്നതായും റിയ പൊലീസിനോട് പറഞ്ഞു.

മരുന്നു കഴിക്കാതെ യോഗയും ധ്യാനവുമാണ് സുശാന്ത് തിരഞ്ഞെടുത്തത്. മരുന്നു കഴിപ്പിക്കാൻ പരമാവധി ശ്രമിച്ചെങ്കിലും കഴിഞ്ഞില്ലെന്നും റിയ വ്യക്തമാക്കി. സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് ബന്ധുക്കളും സുഹൃത്തുക്കളും ഉൾപ്പെടെ ഇതുവരെ 10 പേരുടെ മൊഴി പൊലീസ് രേഖപ്പെടുത്തി.

വിഷാദത്തിനൊപ്പം ബോളിവുഡിലെ ഒറ്റപ്പെടുത്തലും സുശാന്ത് സിംഗ് രാജ്പുതിന്റെ മരണത്തിനു കാരണമായെന്ന ആരോപണത്തെക്കുറിച്ച് വിശദ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചിരുന്നു. സുശാന്തിന്റെ അടുത്ത സുഹൃത്തും കാസ്റ്റിംഗ് ഡയറക്ടറുമായ മുകേഷ് ഛബ്ര ബോളിവുഡിലെ പ്രൊഫഷണൽ പോരുകളെപ്പറ്റി അറിയില്ലെന്ന് ബുധനാഴ്ച പൊലീസിന് മൊഴി നൽകിയിരുന്നു.

സിനിമാ പശ്ചാത്തലമില്ലാത്ത ഇടത്തരം കുടുംബത്തിൽ നിന്ന് ഉയർന്നുവന്ന സുശാന്തിന് ബോളിവുഡിൽ പിടിച്ചുനിൽക്കാൻ ഒട്ടേറെ വെല്ലുവിളികളുണ്ടായിരുന്നെന്ന് സുഹൃത്തുക്കൾ ആരോപിച്ചിരുന്നു. നടന്റെ മൊബൈൽ ഫോൺ കസ്റ്റഡിയിലെടുത്ത പൊലീസ് ഫോറൻസിക് സംഘത്തിന് കൈമാറി. അവസാന ദിവസങ്ങളിലെ ഫോൺകാളുകൾ പരിശോധിച്ചുവരികയാണ്. റിയ ചക്രവർത്തി, സുഹൃത്തും നടനുമായ മഹേഷ് ഷെട്ടി, സഹോദരി, അച്ഛൻ കെ.കെ. സിങ് എന്നിവരെ മരണത്തിനു തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ സുശാന്ത് വിളിച്ചിരുന്നു.

ചിതാഭസ്മം നിമജ്ജനം ചെയ്തു

സുശാന്തിന്റെ ചിതാഭസ്മം വ്യാഴാഴ്ച വൈകിട്ട് ഗംഗാനദിയിലൊഴുക്കി. അച്ഛനും സഹോദരിമാരും ചേർന്നാണ് മതവിശ്വാസപ്രകാരമുള്ള കർമ്മങ്ങൾ ചെയ്തത്. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.