
കുറച്ച് കുത്തികുറിക്കൽ, സിനിമ കാണൽ, വായന. ഇതാണ് ലോക് ഡൗൺ ദിനചര്യ. പൃഥ്വിരാജ് സിനിമയുടെ എഴുത്ത് ജോലിയുടെ മുന്നൊരുക്കങ്ങൾ നടക്കുന്നു. സ്റ്റോറി ലൈൻ പൃഥ്വിയോട് നേരത്തേ പറഞ്ഞതാണ്. എന്റെ അസോസിയേറ്റായ ജയൻ നമ്പ്യാരാണ് സംവിധാനം.
ഞാനും സുഹൃത്തും കൂടി ചേർന്ന് നിർമിക്കാനാണ് ആലോചന. തിരക്കഥയുടെ ചില ഭാഗത്തേക്ക് ആവശ്യമായ കുത്തികുറിക്കലാണ് നടക്കുന്നത്. തിരക്കഥ എഴുത്ത് തുടങ്ങിയിട്ടില്ല. സംവിധാനം ചെയ്യുന്ന സിനിമയുണ്ട്. സാഹിത്യകാരൻ ജി. ആർ ഇന്ദുഗോപന്റെ കഥ വിലായത്ത് ബുദ്ധ ആണ് അത് . കഥ വായിച്ചപ്പോൾ തന്നെ സിനിമ ചെയ്യണമെന്ന് തീരുമാനിച്ചിരുന്നതാണ്. ആ സിനിമയുടെ തിരക്കഥ ജോലി ആരംഭിക്കും മുൻപ് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.
ഇന്ദുഗോപനും ഒാൾഡ് മങ്ക് രാജേഷും ചേർന്നാണ് തിരക്കഥയും സംഭാഷണവും. എഴുത്തിൽ ഞാൻ കൂടി പങ്കാളിയാണ്. മറയൂരാണ് ലൊക്കേഷൻ. വനംവകുപ്പിൽനിന്ന് ലഭിക്കേണ്ട വിവരങ്ങൾ ഒാൺലൈനിൽനിന്ന് ശേഖരിക്കാനും സമയം കണ്ടെത്തി. പൃഥ്വിസിനിമയും സംവിധാന ചിത്രവും ഈ വർഷം തുടങ്ങാൻ കഴിയുമോയെന്ന് അറിയില്ല.
ലോക് ഡൗൺകാലത്ത് ഇംഗ്ളീഷ് സിനിമകളാണ് അധികവും കണ്ടത്. അഞ്ചാം പാതിര തിയേറ്റിൽ കാണാൻ സാധിച്ചില്ല. അതും ജല്ലിക്കട്ടും കണ്ടു. മുക്തകണ്ഠൻ വി. കെ.എൻ രണ്ടു പ്രാവശ്യം വായിച്ചു. സി. ജെ തോമസിന്റെയും എൻ.എൻ പിള്ളയുടെയും തിരഞ്ഞെടുത്ത നാടകകങ്ങളും വായിക്കാൻ സമയം കണ്ടെത്തി.വിലായത്ത് ബുദ്ധയുടെ ഭാഗമായി ഒരു പ്രാവശ്യം മാത്രമേ ഞങ്ങൾ ഇരുന്നിട്ടുള്ളൂ.ലോക് ഡൗൺ കഴിഞ്ഞുവേണം വീണ്ടും ഒരുമിച്ചിരിക്കാനും ചർച്ച ചെയ്യാനും.
(മൂന്നാഴ്ച മുൻപ് ഫ്ളാഷ് മുവീസിനോട് സച്ചി പറഞ്ഞത്)