ന്യൂഡൽഹി : എട്ട് സംസ്ഥാനങ്ങളിലെ 19 രാജ്യസഭാ സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ എ.ഐ.സി.സി സെക്രട്ടറി കെ.സി. വേണുഗോപാൽ രാജസ്ഥാനിൽ നിന്ന് വിജയിച്ചു വേണുഗോപാലിന് 64 വോട്ട് ലഭിച്ചു. കോൺഗ്രസിൽ നിന്ന് മത്സരിച്ച നീരജ് ദങ്കിയും രാജ്യസഭയിലെത്തി. ഇദ്ദേഹത്തിന് 59 വോട്ട് ലഭിച്ചു. ഇവിടെ ഒരു സീറ്റിൽ മാത്രമാണ് ബി.ജെ.പിക്ക് വിജയിക്കാനായത്.
മദ്ധ്യപ്രദേശിൽ രണ്ട് സീറ്റുകൾ ബി.ജെ.പിക്ക് കിട്ടി. കോൺഗ്രസിന് ഒരു സീറ്റ് മാത്രമേ ലഭിച്ചുള്ളൂ. ജ്യോതിരാദിത്യ സിന്ധ്യയും സുമർ സിങ് സോളങ്കിയും വിജയിച്ചപ്പോൾ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ച ദിഗ്‌വിജയ് സിംഗിന് മാത്രമാണ് വിജയം നേടാനായത്. മേഘാലയയിലെ ഏക സീറ്റിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ 39 വോട്ട് നേടിയ എൻ.പി.പി വിജയിച്ചു. ആന്ധ്രപ്രദേശിൽ മത്സരം നടന്ന നാല് സീറ്റിലും വൈ.എസ്.ആർ കോൺഗ്രസ് വിജയിച്ചു.
ഗുജറാത്തിൽ 170 എം.എൽ.എമാരാണ് വോട്ട് ചെയ്തു. ഭാരതീയ ട്രൈബൽ പാർട്ടിയിലെ രണ്ടു എം.എൽ.എമാർ വിട്ടു നിന്നു. കോൺഗ്രസ് വൻ കരുനീക്കങ്ങൾ നടത്തിയ മണിപ്പൂരിൽ ബി.ജെ.പിയിൽ നിന്നു രാജിവച്ച മൂന്ന് എം.എൽ.എമാർ വോട്ട് ചെയ്തില്ല. തൃണമൂൽ എം.എൽ.എയും വിട്ടുനിന്നു. എന്നാൽ ബി.ജെ.പി മന്ത്രിസഭയ്ക്ക് പിന്തുണ പിൻവലിച്ച നാലു എൻ.പി.പി പ്രതിനിധികൾ വോട്ടെടുപ്പിൽ പങ്കെടുത്തു.
ആന്ധ്രാപ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിൽ നാല് വീതവും മദ്ധ്യപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിലെ മൂന്ന് വീതം സീറ്റുകളിലേക്കും ഝാർഖണ്ഡിലെ രണ്ട് സീറ്റുകളിലേക്കും മേഘാലയ, മണിപ്പൂർ, മിസോറാം എന്നീ സംസ്ഥാനങ്ങളിലെ ഓരോ സീറ്റുകളിലേക്കുമാണ് തിരഞ്ഞെടുപ്പ് നടന്നത്.