sachy

അന്തരിച്ച തിരക്കഥാകൃത്തും സംവിധായകനുമായ സച്ചിയുടെ ചിത്രങ്ങളിൽ ഏറ്റവും കൂടുതൽ അഭിനയിച്ച താരങ്ങളാണ് പൃഥ്വിരാജും ബിജുമേനോനും. സച്ചി- സേതു കൂട്ടുക്കെട്ടിൽ തിരക്കഥ ഒരുക്കിയ ആദ്യചിത്രമായ ചോക്കലേറ്റിൽ തുടങ്ങുന്നു പൃഥ്വിരാജും സച്ചിയുമായുള്ള ബന്ധം. താൻ ഒരുക്കിയ ആദ്യചിത്രമായ അനാർക്കലിയിൽ സച്ചി നായകനായി തിരഞ്ഞെടുത്തതും പൃഥ്വിരാജിനെയാണ്. ഒപ്പം ബിജുമേനോനും. തന്റെ രണ്ടാമത്തേതും അവസാനത്തേതുമായി ചിത്രമായ അയ്യപ്പനും കോശിയിലും പൃഥ്വിരാജും ബിജുമേനോനുമായിരുന്നു പ്രധാനവേഷങ്ങളിൽ എത്തിയത്. പൃഥ്വിരാജും ബിജു മേനോനുമാണ് തനിക്ക് ഏറ്റവുമെളുപ്പത്തിൽ കാര്യങ്ങൾ ബോധ്യപ്പെടുത്താൻ കഴിയുന്ന നടന്മാരെന്ന് സച്ചി പറഞ്ഞിട്ടുണ്ട്. തിരക്കഥാകൃത്തും സംവിധായകനുമെന്നതിലുപരി ആത്മമിത്രം കൂടിയായിരുന്നു സച്ചി പൃഥ്വിരാജിന്..

രണ്ടക്ഷരത്തിലാണ് സച്ചിയുടെ മരണവാർത്ത വന്നതിനു പിന്നാലെ പൃഥ്വി സോഷ്യൽ മീഡിയയിൽ തന്റെ സങ്കടം ഒതുക്കിയത്. ഇപ്പോഴിതാ പ്രിയ സഹപ്രവർത്തകനെ യാത്രയാക്കിയതിനു ശേഷം സച്ചിയുമായി ഉണ്ടായിരുന്ന ബന്ധത്തെക്കുറിച്ച് മനസ് തുറക്കുകയാണ് പൃഥ്വി.

സച്ചി ഉണ്ടായിരുന്നെങ്കിൽ അടുത്ത 25 വർഷത്തെ മലയാള സിനിമയും തന്റെ അഭിനയജീവിതവും മറ്റൊന്നാവുമായിരുന്നേനെ എന്ന് പൃഥ്വിരാജ് കുറിക്കുന്നു. 23 വർഷങ്ങൾക്കു മുൻപ് ഇതുപോലൊരു ജൂണിൽ അച്ഛൻ സുകുമാരന്റെ വിയോഗത്തിൽ മനംനൊന്ത് വിറങ്ങലിച്ചു നിന്ന അതേ വികാരമാണ് സച്ചിയുടെ ജീവനറ്റ ശരീരത്തിനു മുൻപിൽ നിൽക്കുമ്പോൾ തനിക്കു തോന്നുന്നതെന്ന് പൃഥ്വി പറയുന്നു.

സച്ചിയെ കുറിച്ചുള്ള പൃഥ്വിരാജിന്റെ കുറിപ്പ്,

സച്ചി,

എനിക്ക് ഒരുപാട് സന്ദേശങ്ങളും ഫോൺവിളികളും വരുന്നു, ഇങ്ങനെയൊരു സന്ദർഭത്തിൽ ഞാൻ എങ്ങനെ പിടിച്ചുനിൽക്കുന്നുവെന്നാണ് എല്ലാവരും ചോദിക്കുന്നത്. എന്നെ ആശ്വസിപ്പിക്കുന്നു. ആളുകൾക്ക് നിങ്ങളെയും എന്നെയും അറിയാമെന്ന് ഞാൻ ഊഹിക്കുന്നു…അതുപോലെ നമ്മളെയും! എന്നാൽ അവരിൽ ചിലർ പറഞ്ഞ കാര്യങ്ങൾ‍ ഞാൻ നിശബ്ദമായി എതിർത്തു. എന്തെന്നുവച്ചാൽ, താങ്കൾ പോയത് കരിയറിന്റെ അത്യുന്നതങ്ങളിൽ നിൽക്കുമ്പോഴാണെന്ന്. താങ്കളുടെ സ്വപ്നങ്ങളെക്കുറിച്ച് അറിയുന്ന ഒരാളെന്ന നിലയിൽ എനിക്കറിയാം അയ്യപ്പനും കോശിയും താങ്കൾ ആ​ഗ്രഹിച്ചതുപോലെയൊരു തുടക്കം മാത്രമായിരുന്നുവെന്ന്. താങ്കളുടെ മുഴുവൻ സിനിമയും ഈ ഘട്ടത്തിലെത്താനുള്ള ഒരു യാത്രയായിരുന്നു. നിങ്ങൾ ആഗ്രഹിച്ചിരുന്ന ഒരു തുടക്കം മാത്രമായിരുന്നു അത്. ഈയൊരു നേട്ടത്തിലെത്താനുള്ള യാത്രയായിരുന്നു നിങ്ങളുടെ സിനിമാജീവിതം, അവിടെ നിന്ന് നിങ്ങൾ ഇനിയും കൂടുതൽ ഉയരങ്ങളിലേക്ക് പോകുമായിരുന്നു, എനിക്കറിയാം.

എനിക്കറിയാം, പറയാത്ത ഒരുപാട് കഥകൾ, നിറവേറാത്ത സ്വപ്നങ്ങൾ, രാത്രിയുടെ അന്ത്യയാമങ്ങളിൽ വാട്ട്സ്ആപ്പ് വോയിസിലൂടെ പങ്കുവച്ച കഥകൾ. ഇനി മുന്നോട്ടുള്ള വർഷങ്ങളിലേക്ക് വേണ്ടി നമ്മൾ വലിയ പല പദ്ധതികളും ആസൂത്രണം ചെയ്തിരുന്നു. പക്ഷേ താങ്കൾ എന്നെ വിട്ടു പോയി.... സിനിമയെക്കുറിച്ചുള്ള താങ്കളുടെ കാഴ്ചപ്പാടിനെക്കുറിച്ചും വരും വർഷങ്ങളിൽ താങ്കളുടെ സിനിമകൾ എങ്ങനെയായിരിക്കുമെന്ന് മുൻകൂട്ടി കണ്ടതിനെക്കുറിച്ചും മറ്റാരെങ്കിലുമായി പങ്കുവച്ചിട്ടുണ്ടോ എന്ന് എനിക്കറിയില്ല. എന്നാൽ നിങ്ങൾ എന്നിൽ ഉണ്ട്. അടുത്ത 25 വർഷത്തെ മലയാള സിനിമയും എന്റെ ശേഷിക്കുന്ന കരിയറും താങ്കൾ ഒപ്പം ഉണ്ടായിരുന്നുവെങ്കിൽ വളരെ വ്യത്യസ്തയിരുന്നേനേ എന്ന് എനിക്കറിയാം.

സിനിമയെ മറന്നേക്കൂ, എന്റെ ആ സ്വപ്നങ്ങളെല്ലാം താങ്കളെ ചുറ്റിപ്പറ്റിയാണ് വ്യാപാരം ചെയ്യുന്നത്. ആ ശബ്‌ദ കുറിപ്പുകളിലൊന്ന് വീണ്ടും ലഭിക്കാൻ. അടുത്ത ഫോൺ കോളിനായി. നമ്മൾ ഒരുപോലെയാണെന്ന് താങ്കൾ എന്നോട് എല്ലായ്പ്പോഴുംപറയാറുണ്ടായിരുന്നു. അതെ സച്ചി, നമ്മൾ ഒരു പോലെയായിരുന്നു. പക്ഷെ ഇപ്പോൾ താങ്കൾക്ക് എന്നെക്കാൾ വളരെ വ്യത്യസ്തത തോന്നുന്നു. കാരണം, ദുഖത്തിന്റെ വ്യാപ്തി അവസാനമായി എന്നെ ബാധിച്ചത് 23 വർഷം മുമ്പ് മറ്റൊരു ജൂണിൽ ആയിരുന്നു (പൃഥ്വിരാജിന്റെ പിതാവും നടനുമായ സുകുമാരൻ അന്തരിച്ചത് ജൂൺ മാസത്തിലാണ്). താങ്കളെ അറിയുക എന്നത് ഒരു വലിയ അം​ഗീകാരമായി തോന്നുന്നു. എന്റെ ഒരു ഭാഗം ഇന്ന് നിങ്ങളോടൊപ്പം പോയി. ഇപ്പോൾ മുതൽ നിങ്ങളെ ഓർക്കുന്നു..... എന്റെ നഷ്ടപ്പെട്ടുപോയ ആ ഭാ​ഗത്തേയും. നന്നായി വിശ്രമിക്കൂ സഹോദരാ, നന്നായി വിശ്രമിക്കൂ.... ആ കന്ന‌ഡ സിനിമാക്കഥയുടെ ക്ലൈമാക്സ് നിങ്ങൾ ഇതുവരെ പറഞ്ഞിരിന്നില്ല ......