തിരുവനന്തപുരം∙ സംസ്ഥാനത്ത് സാനിറ്റൈസർ വിൽക്കാൻ ലൈസൻസ് നിർബന്ധമാക്കി. ചില്ലറ വ്യാപാരികൾ 20എ ലൈസൻസും മൊത്ത വിതരണ ഏജൻസികൾ 20ബി ലൈസൻസും എടുക്കണം. അനുമതിയില്ലാതെ സാനിറ്റൈസർ നിർമ്മിച്ചാൽ നടപടിയെടുക്കുമെന്നും ഡ്രഗ്സ് കൺട്രോളർ കെ.ജെ.ജോൺ അറിയിച്ചു.
കൊവിഡ് രോഗവ്യാപനം കൂടിയതോടെ ഗുണനിലവാരമില്ലാത്ത സാനിറ്റൈസർ ഉത്പാദിപ്പിക്കുന്നതും വിൽക്കുന്നതും വർദ്ധിച്ചു. കോഴിക്കോട്, കൊച്ചി, തൃശൂർ എന്നിവിടങ്ങളിൽ നിന്ന് ഗുണനിലവാരമില്ലാത്തവ പിടിച്ചെടുത്തു. ഇതേത്തുടർന്നാണ് ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക് നിയമത്തിൽ ഉൾപ്പെടുത്തി നിയന്ത്രണം കൊണ്ടുവരുന്നത്.
ഇതനുസരിച്ച് സൂപ്പർ മാർക്കറ്റ് അടക്കമുള്ള ചില്ലറ വില്പനശാലകൾ സാനിറ്റൈസർ വിൽക്കണമെങ്കിൽ ഡ്രഗ്സ് കൺട്രോൾ വിഭാഗം നിഷ്കർഷിക്കുന്ന 20എ ലൈസൻസ് എടുക്കണം. മൊത്തവിതരണക്കാർക്കു വേണ്ടത് 20ബി ലൈസൻസും. മരുന്നു വിതരണക്കാർക്കും വില്പന കേന്ദ്രങ്ങൾക്കും ലൈസൻസുള്ളതിനാൽ ഈ നിബന്ധന ബാധകമല്ല.
ഓരോ ജില്ലയിലേയും അസിസ്റ്റന്റ് ഡ്രഗ്സ് കൺട്രോളർ ഓഫീസിൽ നിന്ന് ലൈസൻസ് എടുക്കാം. ആയുർവേദ ലൈസൻസിനു കീഴിൽ ഉത്പാദിപ്പിക്കുന്ന സാനിറ്റൈസറുകൾ വിൽക്കാൻ ലൈസൻസ് വേണ്ട. സൗന്ദര്യ വർദ്ധന വസ്തു ഉത്പാദന ലൈസൻസ് പ്രകാരം നിർമിക്കുന്ന അണുനശീകരണം സാദ്ധ്യമല്ലാത്ത സാനിറ്റൈസർ വിൽക്കാൻ അനുവദിക്കില്ലെന്നും ഡ്രഗ്സ് കണ്‍ട്രോളർ അറിയിച്ചു.