കൊളംബോ : 2011 ഏകദിന ലോകകപ്പിലെ ഇന്ത്യയുമായുള്ള ഫൈനൽ മത്സരത്തിൽ ശ്രീലങ്കൻ ടീം ഒത്തുകളിച്ചെന്ന അന്നത്തെ ലങ്കൻ കായികമന്ത്രി മഹിന്ദാനന്ദ അലുത്ത്ഗമഗെയുടെ ആരോപണത്തെക്കുറിച്ച് അന്വേഷിക്കാൻ ലങ്കൻ കായിക മന്ത്രാലയം ഉത്തരവിട്ടു.
ഒരു ടി.വി ചാനലിന് നൽകിയ അഭിമുഖത്തിലാണ് അലുത്ത്ഗമഗെ ആരോപണം ഉന്നയിച്ചത്. ഫൈനൽ ചിലർ ചേർന്ന് ഇന്ത്യയ്ക്ക് വിൽക്കുകയായിരുന്നുവെന്ന ആരോപണത്തിനെതിരെ മുൻ ലങ്കൻ ക്യാപ്ടൻമാരായ കുമാർ സംഗക്കാരയും മഹേല ജയവർദ്ധനെയും രംഗത്ത് വന്നിരുന്നു. ആഗസ്റ്റിലെ പൊതു തിരഞ്ഞെടുപ്പ് മുൻനിറുത്തി അലുത്ത്ഗമഗെ വ്യാജ പ്രചാരണം നടത്തുകയാണെന്ന് ആരോപിച്ച മുൻ നായകർ ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിലിന് തെളിവ് കൈമാറാൻ മുൻമന്ത്രി തയ്യാറാവണമെന്നും ആവശ്യപ്പെട്ടിരുന്നു.
രണ്ടാഴ്ചയ്ക്കകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനാണ് കായിക മന്ത്രാലയം ആവശ്യപ്പെട്ടിരിക്കുന്നത്. നേരത്തേയും അലുത്ത് ഗമഗെ ഈ ആരോപണവുമായി രംഗത്തെത്തിയിട്ടുണ്ട്. 1996ൽ ശ്രീലങ്കയ്ക്ക് ലോകകപ്പ് നേടിക്കൊടുത്ത ക്യാപ്ടനും പിന്നീട് മന്ത്രിയുമായ അർജുന രണതുംഗെയും 2011 ലോകകപ്പ് ഫൈനലിലെ തോൽവിയിൽ സംശയം പ്രകടിപ്പിച്ചിരുന്നു.