ladakh-clash
ladakh clash

ഇവർ ധീര പോരാളികൾ

ചൈനീസ് സൈന്യത്തിന്റെ ക്രൂരതയിൽ വീരമൃത്യു വരിച്ച ആ ഇരുപത് ധീര ജവാൻമാർക്ക് ഒരു കോടി പ്രണാമം.നാലരപ്പതിറ്റാണ്ടിനുശേഷം ഇന്ത്യ-ചൈന അതിർത്തിയിൽ സൈനികരുടെ ജീവൻ പൊലിഞ്ഞതിന്റെ

നടുക്കത്തിലാണ് രാജ്യം.നാൽപ്പതോളം ചൈനീസ് സൈനികരെയും ഇന്ത്യൻ സൈന്യം വധിച്ചു.കിഴക്കൻ ലഡാക്കിലെ ഗാൽവനിൽ ഉയർന്ന പ്രദേശത്ത് നേരത്തെ കെട്ടിനിറുത്തിയിരുന്ന നദീജലം തുറന്നുവിട്ടാണ് ചൈനീസ് പട്ടാളം ഇന്ത്യൻ സൈനികരെ ആദ്യം ആക്രമിച്ചതെന്നാണ് അറിയുന്നത്.നില തെറ്റിയിട്ടും പിടിച്ചു നിൽക്കാൻ ശ്രമിച്ചവരെ ചൈനീസ് ഭടന്മാർ നദിയിലേക്ക് പിടിച്ചു തള്ളുകയും ഇരുമ്പ് ദണ്ഡ് കൊണ്ടും മറ്റും ക്രൂരമായി ആക്രമിക്കുകയും ചെയ്‌തിരുന്നു.

പഠനം കഴിഞ്ഞു, ഇനി നെറ്റ്ഫ്ളിക്സ്

ഓക്സ്‌ഫോഡിലെ ബിരുദം കഴിഞ്ഞു. മുന്നിലുള്ളതെന്തെന്ന് അറിയില്ല. തത്കാലം നെറ്റ്ഫ്ളിക്സ്, വായന, ഉറക്കം... പറയുന്നത് നോബൽ സമ്മാന ജേതാവ് മലാല യൂസഫ്സായ്.ഓക്സ്‌ഫോഡ് സർവകലാശാലയിലെ ബിരുദപഠനം പൂർത്തിയാക്കിയ വിവരം എല്ലാവർക്കും നന്ദി പറഞ്ഞുകൊണ്ട് മലാല തന്നെയാണ് തന്റെ ട്വിറ്റർ പേജിലൂടെ ലോകത്തെ അറിയിച്ചത്. ഫിലോസഫി, പൊളിറ്റിക്സ്, എക്കണോമിക്സ് വിഷയങ്ങളാണ് മലാല ബിരുദപഠനത്തിനായി തിരഞ്ഞെടുത്തത്.
പെൺകുട്ടികളുടെ വിദ്യാഭ്യാസ അവകാശത്തിനുവേണ്ടി സംസാരിച്ചതിന്റെ പേരിൽ 2012ലാണ് പാകിസ്ഥാനിൽ വച്ച് താലിബാൻ ഭീകരർ മലാലയ്ക്ക് നേരെ വടിയുതിർത്തത് .2014ൽ സമാധാനത്തിനുള്ള നോബൽ സമ്മാനവും ലഭിച്ചു. ഇതോടെ നൊബേൽ ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി എന്ന അംഗീകാരവും മലാലയെ തേടിയെത്തി.

കുടിയൻ കുരങ്ങു വിരണ്ടാൽ!
യജമാനൻ ദിവസവും മദ്യം കൊടുത്തു. ഒടുവിൽ കുടിയനായി. മന്ത്രവാദിയായ യജമാനൻ മരിച്ചു, കോവിഡ് വന്നു മദ്യവും കിട്ടാതായി. വ്യാഴാഴ്ചയാണ് ഉത്തർപ്രദേശിലെ മിർസാപൂരിൽ കലുവ എന്ന കുരങ്ങൻ വിരണ്ടത്. ഒരാളെ ആക്രമിച്ച് കൊലപ്പെടുത്തി. 250 പേരെ ആശുപത്രിയിലാക്കി!സ്ത്രീകളെയും കുട്ടികളെയുമാണ് ഈ കുരങ്ങൻ ആക്രമിച്ചത്. കുരങ്ങന്റെ ആക്രമണത്തിൽ പരിക്കേറ്റ നിരവധി കുട്ടികൾക്ക് പ്ലാസ്റ്റിക് സർജറി ചെയ്യേണ്ടിവന്നു. ഒടുവിൽ ആറു വയസുകാരൻ കുരങ്ങനെ അധികൃതർ കൂട്ടിലാക്കിയതോടെ നാട്ടുകാർക്ക് സമാധാനമായി. മന്ത്രവാദി, കുരങ്ങന് മദ്യവും മാംസവും കൊടുത്ത് വളർത്തിയതാണ് അക്രമകാരിയാകാൻ കാരണമെന്ന് ഡോക്ടർമാർ പറഞ്ഞു.

ഹബിൾ പിടിച്ച പൂമ്പാറ്റ
നാലായിരം പ്രകാശവർഷം അകലെയുള്ളൊരു ഭീമൻ പൂമ്പാറ്റ! നാസയുടെ ഹബിൾ ടെലിസ്‌കോപ്പിലൂടെ ആ പൂമ്പാറ്റയെ കണ്ടവരെല്ലാം ഒന്ന് ഞെട്ടി!ബട്ടർഫ്‌ളൈ നെബുലെ എന്ന വലിയ നക്ഷത്രഗണമായിരുന്നു അത്. ഇതിനെ കൂടാതെ ജൂവൽ ബഗ് നെബുലെയെന്ന മറ്റൊരു നക്ഷത്രക്കൂട്ടത്തെയും ഹബിൾ കണ്ടെത്തി. രണ്ട് നെബുലകളുടെയും അമ്പരപ്പിക്കുന്ന ചിത്രങ്ങൾ കഴിഞ്ഞയാഴ്ചയാണ് നാസ പുറത്തുവിട്ടത്. നക്ഷത്രങ്ങൾ ജോഡി ചേരുമ്പോഴുണ്ടാകുന്ന പൊടിപടലങ്ങളും പ്രകാശവും ചേർന്നാണ് ഇത്തരം അമ്പരപ്പിക്കുന്ന ഭീമൻ രൂപങ്ങൾ ഉണ്ടാകുന്നത്. ഭൂമിയ്ക്കു ചുറ്റുമുള്ള ഒരു ഭ്രമണപഥത്തിൽ നിന്ന് ഭൂമിക്ക് പുറത്തുള്ള വസ്തുക്കളെ നിരീക്ഷിക്കാനായാണ് ഹബിൾ ടെലിസ്‌കോപ്പ് . എഡ്വിൻ ഹബിൾ എന്ന ജ്യോതിശാസ്ത്രജ്ഞന്റെ ഓർമ്മക്കായാണ് ദൂരദർശിനിക്ക് ഈ പേരു കൊടുത്തത്.

ഓൺലൈനിൽ ഇനി മെന്റൽ ഹെൽത്ത്
മാനസികാരോഗ്യത്തിനും ഉല്ലാസത്തിനും ഓൺലൈൻ പരിഹാരവുമായി സൊമാറ്റോ സഹസ്ഥാപകൻ പങ്കജ് ഛദ്ദ എത്തിയത് കഴിഞ്ഞയാഴ്ചയാണ് ഭാര്യ പൂജ ഖന്നയുമായി ചേർന്നാണ് മൈൻഡ് ഹൗസ് എന്ന ആപ്ലിക്കേഷൻ ആരംഭിച്ചിരിക്കുന്നത്. ഡിസംബറിലായിരുന്നു ഇരുവരും പുതിയ ആശയവുമായെത്തിയത്. പിന്നീട് കോവിഡിന്റെ സാഹചര്യത്തിൽ പദ്ധതി പൂർണമായും ഓൺലൈനാക്കി. ഉറക്കക്കുറവ്, സമ്മർദ്ദം, ശ്രദ്ധക്കുറവ് തുടങ്ങിയവയ്‌ക്കെല്ലാം ധ്യാനത്തിലൂടെയും യോഗയിലൂടെയുമുള്ള പരിഹാരമാണ് മൈൻഡ്ഹൗസിലൂടെ ലക്ഷ്യമിടുന്നത്.

ജൂൺടീൻത് ആഘോഷമാക്കി യു.എസ്
1865ൽ അമേരിക്കയിലെ അവസാന അടിമയും മോചിക്കപ്പെട്ടു. ആരും അടിമയല്ലെന്ന് വിളിച്ചു പറഞ്ഞുകൊണ്ട് അങ്ങനെ അമേരിക്കൻ ജനത ജൂൺ 19 ജൂൺടീൻത് ആയി ആഘോഷിച്ചു തുടങ്ങി. വിമോചനം, സ്വാതന്ത്ര്യ ദിനം എന്നും ജൂൺടീൻത് അറിയപ്പെടുന്നു.കറുത്ത വർഗക്കാരനായ ജോർജ്ജ് ഫ്‌ളോയിഡിന്റെ കൊലപാതകത്തെ തുടർന്ന് ലോകമെമ്പാടും പ്രതിഷേങ്ങൾ അലയടിക്കുമ്പോൾ ഇത്തവണത്തെ ജൂൺടീൻത് പ്രസക്തമാകുന്നു. ന്യൂയോർക്കിലടക്കം വിവിധ സ്‌റ്റേറ്റുകളിൽ ജൂൺടീൻതിന് പൊതു അവധിയായിരുന്നു.

കൊവിഡിനെ തുരത്താൻ ഡെക്സാമെത്തസോൺ

സ്റ്റിറോയിഡായ ഡെക്സാമെത്തസോണ്‍ കൊവിഡ് രോഗം ഭേദമാക്കുന്നതിൽ ഫലപ്രദമാണെന്ന് ബ്രിട്ടീഷ് ഗവേഷകർ കണ്ടെത്തി. കുറഞ്ഞ അളവിലുള്ള ഡെക്സാമെത്തസോൺ കോവിഡ് ബാധിച്ചവരിലെ മരണനിരക്ക് കുറയ്ക്കുമെന്നാണ് കണ്ടെത്തൽ. രോഗമുക്തി നിരക്ക് വർദ്ധിപ്പിക്കുന്നുവെന്ന് കണ്ടെത്തിയ ആദ്യ മരുന്നാണിതെന്ന് ഗവേഷകർ അവകാശപ്പെട്ടു. ഗുരുതരമായി രോഗം ബാധിച്ചവരിലെ മരണനിരക്ക് മൂന്നിലൊന്നായി കുറയ്ക്കാൻ ഈ മരുന്ന് സഹായിച്ചെന്നാണ് കണ്ടെത്തൽ. വായിലൂടെ കഴിക്കാവുന്ന ഈ മരുന്ന് ഐ.വി ആയും നൽകാം.

2,104 രോഗികൾക്ക് മരുന്ന് നൽകുകയും മരുന്ന് നൽകാത്ത 4,321 പേരുടെ ചികിത്സാഫലവുമായി താരതമ്യപ്പെടുത്തുകയും ചെയ്തു. 28 ദിവസത്തിനുശേഷം ഫലം പരിശോധിച്ചപ്പോൾ വെന്റിലേറ്റർ ഉപയോഗിച്ച രോഗികളിൽ മരണനിരക്ക് 35 ശതമാനമായി കുറയ്ക്കാൻ കഴിഞ്ഞു.