ന്യൂഡൽഹി: സാധാരണക്കാരായ ജനങ്ങളുടെ ആശങ്ക കൂട്ടി രാജ്യത്ത് ഇന്ധന വില കുതിക്കുന്നു. തുടർച്ചയായ പതിനാലാം ദിനവും പെട്രോൾ, ഡീസൽ വില കൂട്ടി. ഡൽഹിയിൽ പെട്രോൾ വില ലിറ്ററിന് 51 പൈസയും, ഡീസൽ ലിറ്ററിന് 61 പൈസയുമാണ് കൂടിയത്. ഇതോടെ പെട്രോൾ വില ലിറ്ററിന് 78.88 രൂപയും, ഡീസൽ വില ലിറ്ററിന് 77.67 രൂപയുമായി ഉയർന്നു.
കഴിഞ്ഞ 14 ദിവസത്തിനിടെ പെട്രോളിനും ഡീസലിനും ഏഴ് രൂപ വീതമാണ് കൂടിയത്. മുംബയിൽ ഒരു ലിറ്റർ പെട്രോളിന് 85.72 രൂപയും, ഡീസലിന് 75.54 രൂപയുമാണ് ഇന്നത്തെ വില. രണ്ടാഴ്ചയായി തുടരുന്ന വില വർദ്ധനയിൽ രാജ്യത്ത് വൻ പ്രതിഷേധമാണ് ഉയരുന്നത്.