hc

കൊച്ചി: പൊലീസുകാരന് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ സമ്പർക്ക പട്ടികയിലുണ്ടായിരുന്ന ഹൈക്കോടതി ജഡ്ജി സ്വയം നിരീക്ഷണത്തിൽ പോയി. ജസ്റ്റിസ് സുനിൽ തോമസാണ് ക്വാറന്റീനിൽ പ്രവേശിച്ചത്. കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ച പൊലീസുകാരൻ കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കാനെത്തിയിരുന്നു.

പൊലീസുകാരൻ കൊണ്ടുവന്ന റിപ്പോർട്ട് ജഡ്ജി പരിശോധിച്ചിരുന്നു. ഇതേത്തുടർന്നാണ് ജസ്റ്റിസ് സുനിൽ തോമസ് ക്വാറന്റീനിൽ പ്രവേശിച്ചത്. പൊലീസുകാരൻ കോടതിയിൽ ആരോടെല്ലാമാണ് അടുത്തിടപഴകിയതെന്നറിയാൻ ഹൈക്കോടതിയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചിരുന്നു. അടുത്തിടപഴകിയ അറുപതോളം പേരോട് നിരീക്ഷണത്തിൽ പോകാൻ ആരോഗ്യവകുപ്പ് നിർദേശം നൽകി.

പൊലീസുകാരൻ വിജിലൻസ് ഓഫിസിലും എത്തിയിരുന്നു. ഇതേതുടർന്ന് വിജിലൻസ് പ്രോസിക്യൂട്ടർ ഉൾപ്പെടെയുള്ളവരും ക്വാറന്റീനിൽ പ്രവേശിച്ചിട്ടുണ്ട്‌. അതേസമയം കഴിഞ്ഞ ദിവസം സംസ്ഥാനത്ത് 118 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതുവരെയുള്ളതിൽവച്ച് ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്.