pic

തിരുവനന്തപുരം: കൊവിഡ് രോഗികളുടെ എണ്ണം കേരളത്തിൽ കൂടി വരുമ്പോൾ സമൂഹവ്യാപനം ഉണ്ടായതായി വിലയിരുത്തൽ. മുൻകരുതൽ സ്വീകരിച്ചവർക്കും കൊവിഡ് ബാധിച്ചിരിക്കുന്നു. വീടിനുള്ളിൽ കഴിഞ്ഞുവന്നവർക്കും രോഗലക്ഷണങ്ങളായി. സമൂഹവ്യാപനമാണ് ഇതിന് പിന്നിലെന്നാണ് വിലയിരുത്തൽ. ഇവർക്ക് എങ്ങനെ രോഗം ബാധിച്ചുവെന്നത് കണ്ടെത്താനായിട്ടില്ല. സമൂഹവ്യാപനമാണ് ഇത് കാണിക്കുന്നത്.രോഗം ഉണ്ടെന്ന് അറിഞ്ഞോ അറിയാതെയോ മറ്റുള്ളവരുമായി സമ്പർക്കം പുലർത്തിയതാണ് ഇതിനുകാരണമെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്.

സംസ്ഥാനത്ത് നടത്തിക്കൊണ്ടിരിക്കുന്ന ആന്റി ബോഡി ദ്രുത പരിശോധനയിൽ ഉറവിടമറിയാത്ത കൂടുതൽ രോഗികളെ കണ്ടെത്തിത്തുടങ്ങിയതായി ആരോഗ്യ വിദഗ്ധർ പറയുന്നു. കൊവിഡ് വന്ന് ഒരു ചികിത്സയും തേടാതെ തന്നെ രോഗം ഭേദമായവരെയും കണ്ടെത്തിയിട്ടുണ്ട്. ഐ.സി.എം.ആർ നടത്തിയ സിറോ സർവൈലൻസിലും ഇത്തരം ആളുകളെ കണ്ടെത്തിയിരുന്നു.

കൊല്ലത്ത് ദ്രുത പരിശോധനയിൽ ഒരാൾക്ക് ഐ ജി ജി പോസിറ്റീവ് ആയി കണ്ടെത്തി. ഇയാൾക്ക് രോഗം പിടിപെടുകയും ഭേദമാവുകയും ചെയ്തു. രോഗത്തിൻെറ ഉറവിടം അറിയില്ല. തിരുവനന്തപുരത്ത് പരിശോധന നടത്തിയ ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെയുള്ളവരിൽ നാലുപേർ പോസീറ്റീവ് ആയി. എന്നാൽ പി.സി.ആർ പരിശോധനയിൽ അത് നെഗറ്റീവ് ആയി. ഒരു പക്ഷേ രോഗം വന്ന് ഭേദമായതാകാമിതെന്നാണ് നിഗമനം.

മാർച്ച് 23 മുതൽ ഉറവിടമറിയാത്ത 70 ലേറെ രോഗികളുണ്ട്. മരിച്ച 21 പേരിൽ 8 പേരുടെ രോഗ ഉറവിടം ഇതുവരെ കണ്ടെത്തിയിട്ടില്ല.ഉറവിടമറിയാത്ത രോഗബാധിതരെക്കുറിച്ച് പഠിക്കാൻ ജില്ല മെഡിക്കൽ ഓഫീസർമാരെ ചുമതലപ്പെടുത്തിയെങ്കിലും ആകെ മൂന്നുപേരുടെ സമ്പർക്ക പട്ടിക മാത്രമാണ് കണ്ടെത്താനായത്. ഗുരുതര ശ്വാസകോശ രോഗങ്ങളടക്കം കൊവിഡ് ലക്ഷണങ്ങളോടെ ചികിത്സ തേടുന്ന എല്ലാവരെയും കൊവിഡ് പരിശോധനകൾക്ക് വിധേയമാക്കണമെന്ന നിർദേശമുണ്ടെങ്കിലും പൂർണമായും പാലിക്കപ്പെടുന്നില്ല.

പരിശോധനകളുടെ എണ്ണം ഇനിയും കൂട്ടണമെന്നാണ് വിദഗ്ധർ പറയുന്നത്. വളരെ സങ്കീർണ്ണമായ നിലയിലേക്കാണ് കാര്യങ്ങളുടെ പാേക്ക്. രോഗികളുടെ എണ്ണം കൂടിവന്നുകൊണ്ടിരിക്കുന്നു. റോഡുകളിൽ ജനങ്ങൾ കൂട്ടത്തോടെ വരുന്നു. ബസുകളിൽ തിരക്ക് തന്നെ. നിറുത്തിക്കൊണ്ട് പോകുന്നതൊഴിച്ചാൽ സീറ്റുകളിൽ അടുത്തടുത്തിരുന്നാണ് യാത്ര. ഇതിൽ ആർക്കൊക്കെ കൊവിഡ് ഉണ്ട് ഇല്ല എന്ന കണക്കില്ല. കൊല്ലം ജില്ലയിൽ ഇങ്ങനെ കാണപ്പെട്ട രോഗികളുണ്ട്. ഗൾഫിൽ നിന്ന് വന്നവർക്കും രോഗബാധിതരായിട്ട് ഫീൽഡ് വർക്ക് ജോലിക്കെത്തിയവരും ജനങ്ങളുമായി സമ്പർക്കത്തിലേർപ്പെട്ടെന്നാണ് കണ്ടെത്തൽ. സ്ഥിതി ഇനി കൂടുതൽ രൂക്ഷമാകാനാണ് സാദ്ധ്യത.