ന്യൂഡൽഹി: കൊവിഡ് പടർന്നു പിടിക്കുമ്പോൾ രാജ്യത്ത് ഭക്ഷ്യക്ഷാമമുണ്ടാകുമെന്ന് പേടിക്കണ്ട. ആവശ്യത്തിലധികം അരിയും ഗോതമ്പും സംഭരിച്ചു കഴിഞ്ഞു. ഏത് സാഹചര്യമുണ്ടായാലും നേരിടുന്ന രീതിയിൽ സംഭരണം മാറിയിരിക്കുന്നു. എന്ന് മാത്രമല്ല, ഗോതമ്പ് സംഭരണത്തിൽ സർവകാല റെക്കാഡാണ്.
ജൂൺ 17 വരെ സംഭരിച്ചത് 382.05 ലക്ഷം മെട്രിക് ടൺ ഗോതമ്പാണ്. കഴിഞ്ഞ വർഷം ഇത് 347.04 ലക്ഷം മെട്രിക് ടൺ ആയിരുന്നു. ഇതിനുമുമ്പ് ഇത്രയും സംഭരിച്ചിട്ടില്ല. 42 ലക്ഷം കർഷകർക്ക് ഇതിലൂടെനേട്ടമുണ്ടായി.
ലോക്ക്ഡൗണിനെ തുടർന്ന് ഈ വർഷത്തെ സംഭരണം ഏപ്രിൽ 15 മുതലാണ് ആരംഭിച്ചത്. 407 ലക്ഷം മെട്രിക് ടൺ സംഭരിക്കാനാണ് കേന്ദ്ര ഉപഭോക്തൃകാര്യ പൊതുവിതരണ മന്ത്രാലയം തീരുമാനിച്ചിരുന്നത്. ഇതിന്റെ 93.87% ഇതിനകം തന്നെ എഫ്.സി.ഐയും സംസ്ഥാന ഏജൻസികളും ചേർന്ന് സംഭരിച്ചു. ഗോതമ്പിന് താങ്ങുവില ഇനത്തിൽ മൊത്തം 73,500 കോടി രൂപ നൽകി. 115 ലക്ഷം മെട്രിക് ടൺ അരിയും സംഭരിച്ചു.
കേരളത്തിൽ ഇതുവരെ 3.88 ലക്ഷം മെട്രിക് ടൺ അരി സംഭരിച്ചതായി ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ അറിയിച്ചു. അടച്ചിടൽ സമയത്ത് കേരളത്തിന്റെ എഫ്സിഐ ഗോഡൗണുകളിൽ എത്തിച്ചിരുന്ന 6.49 ലക്ഷം മെട്രിക് ടൺ ഭക്ഷ്യധാന്യങ്ങളും സംസ്ഥാന ഗവൺമെന്റ് ഏറ്റെടുത്തു. കേരളത്തിന് പി.എം.ജി.കെ.എ.വൈയിൽ മൂന്നുമാസത്തേയ്ക്ക് 905.58 കോടിരൂപ വിലമതിക്കുന്ന 2.32 ലക്ഷം മെട്രിക് ടണ്ണും അനുവദിച്ചു. ആത്മനിർഭർഭാരത് പദ്ധതിക്ക് കീഴിൽ സംസ്ഥാന ഗവൺമെന്റ് 60.37 കോടി രൂപ വിലവരുന്ന 15,480 മെട്രിക് ടൺ അരിയും സംഭരിച്ചു.